കേന്ദ്ര സര്‍വിസില്‍ എല്‍.ഡി ക്ലര്‍ക്ക് നിയമനം.

0
52
കേന്ദ്ര സർവിസുകളിലും മറ്റും ലോവർ ഡിവിഷൻ ക്ലർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപറേറ്റർ (ഗ്രൂപ് സി) തസ്തികകളില്‍ നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമീഷൻ 2024 വർഷം ദേശീയതലത്തില്‍ നടത്തുന്ന കമ്ബൈൻഡ് ഹയർ സെക്കൻഡറി (10 + 2) ലെവല്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം.ഓണ്‍ലൈനായി മേയ് ഏഴുവരെ യാണ് അപേക്ഷിക്കാനുള്ള സമയം .

കമ്ബ്യൂട്ടർ അധിഷ്ഠിത പ്രാഥമിക പരീക്ഷ (ടയർവണ്‍) ജൂണ്‍/ജൂലൈ മാസത്തില്‍ നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്. ലക്ഷദ്വീപില്‍ കവരത്തിയാണ് സെന്റർ. ടയർ വണ്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരെ ടയർ 2 പരീക്ഷയില്‍ പങ്കെടുപ്പിക്കും. ഡേറ്റ എൻട്രി ഓപറേറ്റർ തസ്തികക്ക് സ്കില്‍ ടെസ്റ്റും എല്‍.ഡി ക്ലർക്ക്/ജെ.എസ്.എ തസ്തികക്ക് ടൈപ്പിങ് ടെസ്റ്റും ഉണ്ടാവും.

വിശദവിവരങ്ങളടങ്ങിയ കൈമ്ബൻഡ് ഹയർ സെക്കൻഡറി ലെവല്‍ പരീക്ഷാ വിജ്ഞാപനം https://ssc.gov.inല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വിവിധ സർവിസുകളിലായി നിലവില്‍ 3712 ഒഴിവുകളാണുള്ളത്. ബോർഡർ റോഡ്സ് ഓർഗനൈസേഷനില്‍ എല്‍.ഡി ക്ലർക്ക് നിയമനത്തിന് ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസ് ഉണ്ടായിരിക്കണം. ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം.

ചില വകുപ്പുകളില്‍ ഡേറ്റ എൻട്രി തസ്തികയില്‍ നിയമനത്തിന് മാത്തമാറ്റിക്സ് ഉള്‍പ്പെടെയുള്ള ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണമെന്നുണ്ട്. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

2024 ആഗസ്റ്റ് ഒന്നിനകം യോഗ്യത നേടിയിരിക്കണം. 1.8.2024ല്‍ പ്രായപരിധി 18-27 വയസ്സ്. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ചു വർഷം, ഒ.ബി.സി നോണ്‍ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം, വിമുക്തഭടന്മാർ, വിധവകള്‍ മുതലായ മറ്റ് വിഭാഗങ്ങളില്‍പെടുന്നവർക്ക് ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷാഫീസ് 100 രൂപ.

വനിതകള്‍/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർ വിഭാഗങ്ങളില്‍പെടുന്നവർക്ക് ഫീസില്ല. മേയ് എട്ടു വരെ ഫീസ് ഓണ്‍ലൈനായി അടക്കാം. അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് മേയ് 10, 11 തീയതികളില്‍ സൗകര്യം ലഭിക്കും.

മലയാളം, തമിഴ്, കന്നട, ഉർദു, ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെ 15 ഭാഷകളിലാണ് പരീക്ഷ. ശ്രദ്ധാപൂർവം ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം. സെലക്ഷൻ ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റില്‍നിന്നുമാണ് നിയമനം.

LEAVE A REPLY

Please enter your comment!
Please enter your name here