പോലീസ് ഉദ്യോഗസ്ഥനായ പിതാവിൻ്റെ കേസ് ഡയറിയിൽ നിന്നും ഒരു സിനിമയുമായി എം.എ. നിഷാദ്.

0
42

മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള
എം.എ. നിഷാദ് (MA Nishad) തന്റെ പിതാവിന്റെ കേസ് ഡയറിയിൽ നിന്നും ഒരു സിനിമയുമായി വരുന്നു. പൃഥ്വിരാജ് നായകനായ ‘പകൽ’ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് സംവിധായകനിരയിലേക്ക് നിഷാദ് കടന്നു വരുന്നത്. തുടർന്ന് നഗരം, മമ്മൂട്ടി മുഖ്യ വേഷത്തിലഭിനയിച്ച ‘ബെസ്റ്റ് ഓഫ് ലക്ക്’, സുരേഷ് ഗോപി നായകനായ ‘ആയുധം’, ജയസൂര്യ പ്രധാന വേഷത്തിലഭിനയിച്ച ‘വൈരം’, ‘നമ്പർ 66 മധുര ബസ്’, ‘കിണർ’, ‘തെളിവ്’, ‘ഭാരത സർക്കസ്’, ‘അയ്യർ ഇൻ അറേബ്യ’ എന്നിങ്ങനെ പത്തു ചിത്രങ്ങൾ സംവിധാനം ചെയ്തു. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ‘ടു മെൻ’ എന്ന ചിത്രത്തിൽ നായകനാവുകയും ചെയ്തു കൊണ്ട് തൻ്റെ സാന്നിദ്ധ്യം ഈ രംഗങ്ങളിലെല്ലാം അടയാളപ്പെടുത്തിയ ഒരു കലാകാരനാണ് നിഷാദ്.

ഇക്കുറി നിഷാദിൻ്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായ പി.എം. കുഞ്ഞിമൊയ്തീൻ്റെ കേസ് ഡയറിയിൽ നിന്നുമാണ് കഥ തെരഞ്ഞെടുത്തിരിക്കുന്നത്. ദീർഘകാലം ക്രൈംബ്രാഞ്ച് എസ്.പിയായും, പിന്നീട് ഇടുക്കി എസ്.പിയായും, പ്രവർത്തിച്ചുപോന്ന കുഞ്ഞിമൊയ്‌തീൻ മധ്യമേഖല ഡി.ഐ.ജിയായും, ക്രൈംബ്രാഞ്ച് ഡി.ഐ.ജിയായും പ്രവർത്തിച്ചതിനു ശേഷമാണ് സർവ്വീസിൽ നിന്നും വിരമിച്ചത്. വിശിഷ്ട സേവനത്തിന് രണ്ടു പ്രാവശ്യം രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.

സർവ്വീസിൽ അദ്ദേഹത്തിൻ്റെ കേസന്വേഷണങ്ങൾ ഏറെ പ്രശസ്തമാണ്. പ്രമാദമായ പല കേസ്സുകളുടേയും ചുരുളുകൾ നിവർത്തിയിട്ടുള്ള ഇദ്ദേഹത്തിൻ്റെ കേസ് ഡയറിയിലെ ഒരു കേസാണ് എം.എ. നിഷാദ് പുതിയ സിനിമയുടെ പ്രമേയമായി തിരഞ്ഞെടുത്തത്. നിഷാദ് തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ നിഷാദ് അവതരിപ്പിക്കുന്നുമുണ്ട്.

പൂർണ്ണമായ ഇൻവസ്റ്റിഗേഷൻ ചിത്രമായിരിക്കുമിത്. മലയാളത്തിലെ പ്രമുഖരായ ഒരു സംഘം അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏപ്രിൽ 12ന് ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടത്തുന്നു. അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങളും അതിലൂടെ പുറത്തുവിടുന്നതാണ്. 13ന് ചിത്രത്തിലെ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾക്ക് മുൻ ഡി.ജി.പി. ലോക്നാഥ് ബഹ്റയുടേയും, റിട്ട. ക്രൈംബ്രാഞ്ച് എസ്.പി. ഷാനവാസിൻ്റേയും സാന്നിദ്ധ്യത്തിൽ ഒരു പരിശീലന ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസ്സറാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 22ന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here