മുംബൈ: ഐപിഎൽ സീസണില്‍ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. ഇതോടെ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് ടീം പിന്തള്ളി. ഐപിഎൽ സീസണിലെ ആദ്യ ഹോം മത്സരമായിരുന്നു കഴിഞ്ഞ ദിവസം മുംബൈയുടേത്. എന്നാല്‍ ഹോം ഗ്രൗണ്ടിലും മോശം ഫോമാണ് മുംബൈ ഇന്ത്യൻസ് തുടർന്നത്. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 54 റണ്‍സുമായി പുറത്താകാതെ നിന്ന റിയാന്‍ പരാഗിന്‍റെ ബാറ്റിംഗ് മികവിലാണ് രാജസ്ഥാന്‍ അനായാസം മറികടന്നത്.
ഇതോടെ മൂന്ന് കളികളില്‍ മൂന്നും ജയിച്ച രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി. ക്യാപ്റ്റന്‍ സഞ്ജു സാംസണും ജോഷ് ബട്‌ലറും യശസ്വി ജയ്‌സ്വാളും ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും പരാഗിന്‍റെ മികവ് ഒരിക്കല്‍ കൂടി രാജസ്ഥാന് വിജയം സമ്മാനിച്ചു. മുംബൈക്കായി ആകാശ് മധ്‌വാള്‍ മൂന്ന് വിക്കറ്റെടുത്തു.