ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് തികച്ച് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. ധർമശാലയിൽ ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിൻ്റെ മൂന്നാം ദിനം കുൽദീപ് യാദവിനെ പുറത്താക്കിയാണ് 41-കാരൻ ഈ ചരിത്ര നേട്ടം കൈവരിച്ചത്.
698 വിക്കറ്റ് വീഴ്ത്തിയാണ് ആൻഡേഴ്സൺ ധർമശാലയിൽ എത്തിയത്. ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നേടി 699ൽ എത്തിയ ‘സ്വിങ് കിംഗ്’ കുൽദീപ് യാദവിൻ്റെ വിക്കറ്റ് നേടിയതിനു പിന്നാലെയാണ് റെക്കോഡ് നേട്ടത്തിലെത്തിയത്. ടെസ്റ്റിൽ 700 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബൗളർ കൂടിയാണ് ആൻഡേഴ്സൺ. സ്പിന്നർമാരായ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും (800 വിക്കറ്റ്), ഓസ്‌ട്രേലിയയുടെ അന്തരിച്ച ഷെയ്ൻ വോണണുമാണ് (708 വിക്കറ്റ്) ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചവർ.
2003ൽ സിംബാബ്‌വെയ്‌ക്കെതിരെ ലോർഡ്‌സിൽ അരങ്ങേറിയ ആൻഡേഴ്സൺ ഇതുവരെ 187 മത്സരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. 32 തവണ അഞ്ച് വിക്കറ്റ് നേട്ടവും മൂന്നുതവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. 42 റണ്‍സ് വിട്ടുനല്‍കി ഏഴ് വിക്കറ്റെടുത്തതാണ് കരിയറിലെ മികച്ച പ്രകടനം.