10 വർഷംകൊണ്ട് 95,000 കിലോമീറ്റർ ദേശീയപാത നിർമ്മിച്ചെന്ന് കേന്ദ്രം

0
60

ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ (2014-2024) രാജ്യത്ത് 95,000 കിലോമീറ്റർ ദേശീയപാതകൾ നിർമ്മിച്ചെന്ന് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് സെക്രട്ടറി അനുരാഗ് ജയിൻ. ഇന്റർനാഷണൽ റോഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ദ്വിദിന കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അനുരാഗ് ജയിൻ ഈ അവകാശവാദം ഉന്നയിച്ചത്.

നിലവിൽ മന്ത്രാലയം ഹൈസ്പീഡ് കോറിഡോറുകളിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത 30 വർഷത്തെ മുന്നിൽക്കണ്ടുള്ള നീക്കമാണിത്. ഇടക്കിടെയുള്ള ബൈപാസ് നിർമ്മാണം ഒഴിവാക്കാൻ ഇതുവഴി സാധിക്കും. ഇടക്കിടെ റോഡുകൾ പുതുക്കേണ്ടി വരുന്ന സാഹചര്യവും ഒഴിവാക്കപ്പെടും.അതെസമയം അനുരാഗ് ജയിൻ ഉന്നയിച്ച അവകാശവാദം ഇതുവരെ പുറത്തുവന്ന കണക്കുകളുമായി യോജിക്കുന്നില്ല.

2023 ഏപ്രിൽ മാസത്തിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഒമ്പത് വർഷത്തിനിടയിൽ രാജ്യത്ത് ആകെ നിർമ്മിച്ച ഹൈവേയുടെ ദൈർഘ്യം ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തതു പ്രകാരം 50,000 കിലോമീറ്ററാണ്. 2014-15 കാലയളവു വരെ രാജ്യത്ത് 97,830 കിലോമീറ്റർ ഹൈവേയാണുണ്ടായിരുന്നത്. ഇത് 2023 മാർച്ച് മാസത്തോടെ 145,155 കിലോമീറ്ററായി ഉയർന്നു.

നടപ്പുവർഷം (2023-2024) 13,813 കിലോമീറ്റർ ഹൈവേ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും ഇതുവരെ പൂർത്തിയായത് 6,216 കിലോമീറ്റർ മാത്രമാണ്. അഥവാ 13,813 കിലോമീറ്റർ ഈ വർഷം മാർച്ചോടെ പൂർത്തിയാക്കാൻ കഴിഞ്ഞാൽപ്പോലും 95,000 കിലോമീറ്റർ എന്ന ലക്ഷ്യത്തിലേക്ക് എത്തില്ല.അതെസമയം വർഷാവർഷം ഹൈവേ നിർമ്മാണത്തിന്റെ വേഗത കൂട്ടുവാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്.

2014-15 കാലത്ത് രാജ്യത്ത് ആകെ നിര്‍മ്മിച്ചത് 4410 കിലോമീറ്റർ ഹൈവേയാണ്. 2015-16 കാലത്ത് ഇത് 6061 കിലോമീറ്ററായി ഉയർന്നു. 2016-17 കാലത്ത് ഹൈവേ നിർമ്മാണം 8231 കിലോമീറ്ററായിരുന്നു. 2017-18 കാലത്ത് ഇത് 9829 കിലോമീറ്ററായി. 2019-20 കാലത്ത് 10,237 കിലോമീറ്റർ പാതയാണ് നിർമ്മിക്കപ്പെട്ടത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദേശീയപാത നിർമ്മിക്കപ്പെട്ടത് 2020-21 കാലത്താണ്.

13,327 കിലോമീറ്റർ ദേശീയപാത നിർമ്മിക്കാൻ അന്ന് കഴിഞ്ഞു. കോവിഡ് കാലത്ത് റോഡുകളിൽ വാഹനങ്ങളില്ലാത്തതിനാലാണ് വേഗത കൂട്ടാനായത്. 2021-22 കാലത്ത് 10,457 കിലോമീറ്റർ റോഡ് നിര്‍മ്മിക്കാൻ കഴിഞ്ഞു.ഈ കണക്കുകൾ അനുരാഗ് ജയിൻ പറയുന്ന കണക്കുകളുമായി പൊരുത്തപ്പെടുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here