തിരുവനന്തപുരം∙ ലോകത്തിനു മുന്നില്‍ ഇന്ത്യ സ്വന്തം സ്ഥാനം നേടിയെടുക്കുന്നെന്ന് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയുടെ അഭിമാന ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന യാത്രികരെ വിഎസ്‌എസ്‌സിയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 2035ല്‍ ഇന്ത്യയുടെ സ്പേസ് സ്റ്റേഷൻ ഉണ്ടാകും. ഭാരതത്തിന്റെ സ്വന്തം റോക്കറ്റില്‍ ഭാരതീയർ ചന്ദ്രന്റെ മണ്ണിലിറങ്ങുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
”ഇന്നത്തെ തലമുറ ഭാഗ്യമുള്ളവരാണ്. അവർക്ക് എല്ലായിടത്തും ജോലി ചെയ്യാനുള്ള അവസരം കിട്ടുന്നുണ്ട്. ഇതു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്. ലോകത്തിനു മുന്നില്‍ ഇന്ത്യ സ്വന്തം സ്ഥാനം നേടിക്കഴിഞ്ഞു. ബഹിരാകാശ രംഗത്തും നമ്മള്‍ നേട്ടമുണ്ടാക്കുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പതാക സ്ഥാപിച്ച ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി. ശിവശക്തിയെന്ന പോയിന്റ് ഇന്ന് ലോകമറിയുന്നു. ഒരു ചരിത്ര നിമിഷത്തിനാണ് ഇന്ന് വിഎസ്‌എസ്‌സി സാക്ഷ്യം വഹിക്കുന്നത്. രാജ്യം 4 ബഹിരാകാശ യാത്രികരെ പരിചയപ്പെട്ടു. ഇവർ നാലു ശക്തികളാണ്, കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രചോദനമാകുന്ന 4 ശക്തികളാണ് ഈ നാല് പേർ. രാജ്യത്തിന്റെ പേരില്‍ 4 പേർക്കും ആശംസകള്‍ അറിയിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇവർ 4 പേരുടെ പേരും എഴുതിചേർക്കപ്പെട്ടു. 2035ല്‍ ഇന്ത്യയുടെ സ്വന്തം സ്പേയ്സ് സ്റ്റേഷൻ ഉണ്ടാകും. ഭാരതത്തിന്റെ സ്വന്തം റോക്കറ്റില്‍ ഭാരതീയർ ചന്ദ്രന്റെ മണ്ണിലിറങ്ങും”- പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.