അനന്ത് അംബാനി-രാധിക മെർച്ചൻ്റ് പ്രീവെഡ്ഡിങ്: മൂന്ന് ദിവസം നീളുന്ന ആഘോഷ പരിപാടിയിലെ പ്രമുഖർ.

0
68

അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റെയും പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ് ഗുജറാത്തിലെ ജാംനഗർ. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന അതിഥികൾക്ക് മൂന്ന് ദിവസം നീളുന്ന വ്യത്യസ്ത തീമിലുള്ള ഫംഗ്ഷനുകൾ വേറിട്ട അനുഭവമായിരിക്കും. അതിഥികൾക്ക് അയച്ചിരിക്കുന്ന ‘ഇവൻ്റ് ഗൈഡ്’ അനുസരിച്ച് ചില ഡ്രസ് കോഡുകളും അതിഥികൾക്ക് നിർദേശിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഒന്നാം ദിവസം (മാർച്ച് 1, 2024): ‘ആൻ ഈവിനിംഗ് ഇൻ എവർലാൻഡ് ’ എന്നതാണ് ആദ്യ ദിനത്തിലെ തീം. അന്ന് കോക്ടെയ്ൽ വസ്ത്രങ്ങളാണ് അതിഥികൾക്ക് ഡ്രെസ് കോഡ് നിർദേശമായി നൽകിയിരിക്കുന്നത്.

രണ്ടാം ദിവസം (മാർച്ച് 2, 2024): ‘എ വാക്ക് ഓൺ ദി വൈൽഡ്‌സൈഡ്’, ‘ജംഗിൾ ഫീവർ’ എന്നിവയാണ് രണ്ടാം ദിവസത്തെ തീം. ഈ തീമിനനുസരിച്ച വസ്ത്രങ്ങളാണ് ഡ്രെസ് കോഡായി നിർദേശിച്ചിരിക്കുന്നത്. ജാംനഗറിലെ അംബാനി കുടുംബത്തിന്റെ തന്നെ മൃഗസംരക്ഷണ കേന്ദ്രത്തിലാണ് പരിപാടികൾ നടക്കുന്നത്. അന്നേ ദിവസം തന്നെ ‘മേള റൂഷ്’ എന്ന തീമിലും പരിപാടികൾ നടക്കും. ഈ സമയം അതിഥികൾക്ക് അവരുടെ പ്രിയപ്പെട്ട ദക്ഷിണേഷ്യൻ വസ്ത്രങ്ങൾ ധരിക്കാം.

മൂന്നാം ദിവസം (മാർച്ച് 3, 2024): അവസാന ദിവസം രണ്ട് പരിപാടികളാണ് ഉണ്ടാകുക. ‘ടസ്‌ക്കർ ട്രയൽസ്’, ‘ഹഷ്താക്ഷർ’ എന്നിവയാണ് അത്. അതിഥികൾക്ക് ജാംനഗറിൻ്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ അവസരം നൽകുന്ന ഒരു ഔട്ട്‌ഡോർ പരിപാടിയാണ് ആദ്യത്തേത്. അവസാന ചടങ്ങിൽ അതിഥികൾക്ക് ഇന്ത്യൻ പൈതൃക വസ്ത്രങ്ങൾ ധരിക്കാം.

വ്യവസായ പ്രമുഖർ, ഗായകർ, അഭിനേതാക്കൾ, കായികതാരങ്ങൾ എന്നിവരുൾപ്പെടെ വിവിധ മേഖലകളിലെ ശ്രദ്ധേയരായ വ്യക്തികൾ വിവാഹത്തിന് മുമ്പുള്ള ഈ പ്രീവെഡ്ഡിങ് ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗൗതം അദാനി, സുനിൽ ഭാരതി മിത്തൽ എന്നിവരുൾപ്പെടെ ഇന്ത്യയിലെ പ്രമുഖ കോടീശ്വരൻമാരും അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങിയ സിനിമാ മേഖലയിലെ താരങ്ങളും സച്ചിൻ ടെണ്ടുൽക്കർ മുതൽ എംഎസ് ധോണി വരെയുള്ള ക്രിക്കറ്റ് ഐക്കണുകളും അതിഥി പട്ടികയിൽ ഉൾപ്പെടുന്നു.

മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, അഡോബ് സിഇഒ ശന്തനു നാരായൺ, വാൾട്ട് ഡിസ്നി സിഇഒ ബോബ് ഇഗർ, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, അഡ്‌നോക് സിഇഒ സുൽത്താൻ അഹമ്മദ് അൽ ജാബർ തുടങ്ങിയ അന്താരാഷ്ട്ര ബിസിനസ്സ് നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

ഹോളിവുഡ് പോപ്പ് ഐക്കൺ റിഹാന, ദിൽജിത് ദോസഞ്ച്, അർജിത് സിംഗ്, പ്രീതം, ഹരിഹരൻ, അജയ്-അതുൽ തുടങ്ങിയവരുടെ സംഗീത പരിപാടികളും ചടങ്ങിനെ ഗംഭീരമാക്കും.

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂന്ന് മക്കളിൽ ഇളയയാളാണ് അനന്ത് അംബാനി. എൻകോർ ഹെൽത്ത്‌കെയറിൻ്റെ സിഇഒ വീരേൻ മെർച്ചൻ്റിൻ്റെയും ഭാര്യ ഷൈല മെർച്ചൻ്റിൻ്റെയും ഇളയ മകളാണ് രാധിക മെർച്ചൻ്റ്. കഴിഞ്ഞ വർഷം ജനുവരിയിൽ മുംബൈയിൽ വച്ച് നടന്ന ചടങ്ങിലാണ് ഇവരുടെ വിവാഹനിശ്ചയം നടത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here