പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് മിനിറ്റുകള്‍ക്ക് ശേഷമാണ് ബില്‍ പാസാക്കിയത്. വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും മറാത്ത സമുദായത്തിന്(Maratha community) 10 ശതമാനം സംവരണം നല്‍കുന്നതാണ് ബില്‍. ഇത് ഏകകണ്ഠമായും പൂര്‍ണ ഭൂരിപക്ഷത്തോടെയും പാസാക്കണമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സഭയില്‍ അഭ്യര്‍ഥിച്ചിരുന്നു. അതേസമയം ഭരണകക്ഷിയായ ശിവസേന നേതാവും മന്ത്രിയുമായി ചഗന്‍ ഭുജ്ബല്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത ഏക അംഗം.
നേരത്തെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ബില്‍ ഏകകണ്ഠമായി പാസാക്കണമെന്ന് അഭ്യര്‍ഥിക്കുകയും പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ ഏകകണ്ഠമായി പാസാക്കിയത്. ബില്‍ അനുമതിക്കായി മുഖ്യമന്ത്രി ഇനി ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അവതരിപ്പിക്കും. അതിനുശേഷം ഇത് നിയമമാകും.
ഫെബ്രുവരി 17 ന്, ഷിന്‍ഡെയും ഫഡ്നാവിസും, മറാത്ത-സംവരണ പ്രവര്‍ത്തകനായ മനോജ് ജാരംഗേ പാട്ടീലിന് , സമുദായത്തിന് സംവരണം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഫെബ്രുവരി 20 ന് നിയമസഭയുടെ പ്രത്യേക സമ്മേളനം നടക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. മറാഠാ സംവരണ വിഷയത്തില്‍ ജാരങ്കെ പാട്ടീല്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്ന അതേ ദിവസം തന്നെയായിരുന്നു പ്രഖ്യാപനം. എന്നാല്‍ തിരഞ്ഞെടുപ്പും വോട്ടും കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നും ഇത് മറാത്താ സമൂഹത്തോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.