ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന മുൻ സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ എല്ലാം പ്രതികൾക്ക് വധശിക്ഷ വിധിച്ചു. എല്ലാവർക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചിട്ടുണ്ട്.നേരത്തെ കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റേയും എസ്ഡിപിഐയുടേയും പ്രവർത്തകരാണ് പ്രതികൾ എല്ലാവരും. മാവേലിക്കര അഡീ. സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.
2021 ഡിസംബർ 19നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആലപ്പുഴ വെള്ളക്കിണർ സ്വദേശി രഞ്ജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നിലിട്ടായിരുന്നു ഈ ഹീന പ്രവൃത്തിയുണ്ടായത്. തലേന്ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് രഞ്ജിത്ത് ശ്രീനിവാസന് നേരെ ആക്രമണമുണ്ടായത്.
നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ ഒന്നു മുതൽ 12 വരെയുള്ള പ്രതികൾ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ആദ്യ എട്ട് പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിയിച്ചിരുന്നു. 13 മുതൽ 15 വരെയുള്ള പ്രതികൾ കൊലയാളികൾക്ക് സഹായം നൽകിയവരാണ്.