ബെർലിൻ: ജർമൻ ഫുട്ബോളിലെ ഇതിഹാസതാരം ഫ്രാൻസ് ബെക്കൻബോവർ (78) അന്തരിച്ചു. ജർമൻ ഫുട്ബോൾ ഫെഡറേഷനാണ് ബെക്കൻബോവറുടെ മരണവാർത്ത പുറത്തുവിട്ടത്. ഫുട്ബോളിൽ കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയ ചുരുക്കംപേരിൽ ഒരാളാണ് ഫ്രാൻസ് ബെക്കൻബോവർ.
ബയൺ മ്യൂണിക് അക്കാദമിയിലൂടെയാണ് പിൽക്കാലത്ത് ലോകത്തെ എണ്ണംപറഞ്ഞ പ്രതിരോധ താരമായി മാറിയ ഫ്രാൻസ് ബെക്കൻബോവർ കരിയറിന് തുടക്കമിട്ടത്. പശ്ചിമ ജർമനിക്കു വേണ്ടി 104 മത്സരങ്ങളിൽ കളിച്ചു. 1974ൽ ജർമനി ലോകകപ്പ് നേടിയപ്പോൾ ടീമിന്‍റെ നായകനായിരുന്നു. 1990ലെ ലോകകപ്പിൽ പശ്ചിമ ജർമനിയുടെ പരിശീലകനായും ലോകകപ്പ് സ്വന്തമാക്കി. രണ്ടു തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയിട്ടുണ്ട്.
കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടുന്ന ആദ്യത്തെ വ്യക്തിയായി മാറിയ ബ്രസീലിയൻ താരം മരിയോ സഗല്ലോ 92-ാം വയസ്സിൽ അന്തരിച്ചുവെന്ന വിവരം പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ബെക്കൻബോവറിന്റെ മരണം.
2006 ലോകകപ്പ് ജർമ്മനിയിലേക്ക് കൊണ്ടുവരുന്നതിൽ ബെക്കൻബോവർ നിർണായക പങ്കുവഹിച്ചു, എന്നാൽ ലോകകപ്പ് ആതിഥേയത്വം നേടിയത് കൈക്കൂലിയിലൂടെയാണെന്ന ആരോപണം ബെക്കൻബോവർക്ക് കളങ്കമായി മാറിയിരുന്നു. ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. “ഞങ്ങൾ ആർക്കും കൈക്കൂലി കൊടുക്കാൻ ആഗ്രഹിച്ചില്ല, ഞങ്ങൾ ആർക്കും കൈക്കൂലി നൽകിയില്ല,” ലോകകപ്പ് സംഘാടക സമിതിയുടെ തലവനായ ബെക്കൻബോവർ, 2016 ലെ ഡെയ്ലി ടാബ്ലോയിഡ് ബിൽഡിനായി തന്റെ അവസാന കോളത്തിൽ എഴുതി.