ഓരോ വര്‍ഷവും കാഴ്ച്ചക്കാരേറുന്ന വയനാട്ടിലെ ‘പൂപ്പൊലി’ കാണാന്‍ കോഴിക്കോട് ജില്ലയില്‍നിന്ന് പ്രത്യേക വണ്ടികളോടിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറെടുക്കുന്നു. ജനുവരി ഏഴിന് താമരശേരി ഡിപ്പോയില്‍നിന്നും 14 ന് കോഴിക്കോട് ഡിപ്പോയില്‍നിന്നും പ്രത്യേക യാത്രാ പാക്കേജുകളുമായാണ് ആനവണ്ടികള്‍ ചുരം കയറുക. പൂപ്പൊലി പ്രദര്‍ശനനഗരി സന്ദര്‍ശനം തന്നെയായിരിക്കും മുഖ്യം.
രാവിലെ ആറിനായിരിക്കും കോഴിക്കോട് ഡിപ്പോയില്‍നിന്നുള്ള ബസ് പുറപ്പെടുക. താമരശേരിയില്‍ നിന്നുള്ള ആനവണ്ടി 6.40നും പുറപ്പെടും. രണ്ട് ബസുകളും രാത്രി പത്തുമണിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് പാക്കേജ്.താമരശേരി ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്‍റ്, ചങ്ങലമരം, കാരാപുഴ ഡാം, പൂക്കോട് തടാകം തുടങ്ങിയ സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കുന്ന രീതിയില്‍ ക്രമീകരിച്ച പാക്കേജിന് 560 രൂപയാണ് നിരക്ക്.
ഭക്ഷണച്ചെലവും പൂപ്പൊലിയിലേക്കുള്ള പ്രവേശന ടിക്കറ്റും സഞ്ചാരികള്‍ പ്രത്യേകം എടുക്കണം. ഇവ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അമ്പലവയലില്‍ ജനുവരി ഒന്നിന് ആരംഭിച്ച അന്താരാഷ്ട്ര പുഷ്പോത്സവം ‘പൂപ്പൊലി – 2024’ കാണാന്‍ മറ്റുള്ള യാത്ര മാര്‍ഗങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ ചെലവിലാണ് കെഎസ്ആര്‍ടിസി കോഴിക്കോട് ജില്ല ബഡ്ജറ്റ് ടൂറിസം സെല്‍ പാക്കേജുകള്‍ ഒരുക്കുന്നതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
ജനുവരി പതിനഞ്ച് വരെയാണ് ‘പൂപ്പൊലി’ എന്നിരിക്കെ ആയിരക്കണക്കിന് വ്യത്യസ്ത ഇനങ്ങളിലുള്ള പൂക്കള്‍ ഒരുമിച്ച് കാണാനും പ്രദര്‍ശന നഗരിയില്‍ മറ്റു വിനോദങ്ങള്‍ ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്.
അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഒരുക്കിയ പ്രദര്‍ശന – വിപണനമേളയില്‍ ഇതിനകം തന്നെ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യക്ക് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിച്ച വിവിധയിനം പുഷ്പ – ഫലങ്ങള്‍, പെറ്റ് സ്റ്റാള്‍, വിപണന സ്റ്റാളുകള്‍, കാര്‍ണിവല്‍ ഏരിയ, കിഡ്സ് പ്ലേ ഏരിയ, ഭക്ഷ്യമേള തുടങ്ങി 12 ഏക്കറിലായി നിരവധി കാഴ്ചകളാണ് സന്ദര്‍ശകര്‍ക്കായി അമ്പലവയലില്‍ ഒരുക്കിയിരിക്കുന്നത്.
പൂപ്പൊലി പാക്കേജിന് പുറമെ ജനുവരി ആറിന് ആതിരപ്പിള്ളി – വാഴച്ചാല്‍ – മൂന്നാര്‍, ഏഴിന് ഗവി – പരുന്തന്‍പാറ, നെല്ലിയാംമ്പതി, ജനവരി 12ന് വാഗമണ്‍ – കുമിളി യാത്ര പാക്കേജുകളും കോഴിക്കോടുനിന്ന് സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറുവരെ കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെടാം. ഫോണ്‍: 9544477954, 9061817145. ജില്ല കോഡിനേറ്റര്‍ – 9961761708.