പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്(PM Modi) 2023ലെ ഇന്ത്യാ ടുഡേയുടെ ന്യൂസ് മേക്കര്‍( India Today Newsmaker of the Year) പുരസ്‌കാരം. ദേശീയ, അന്തര്‍ദേശീയ വേദികളില്‍ ഒരുപോലെ ശക്തി തെളിയിച്ച് പ്രധാന വാര്‍ത്തകളില്‍ ആധിപത്യം സ്ഥാപിച്ചതാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഈ വര്‍ഷം ഒട്ടേറെ വാര്‍ത്താതാരങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കര്‍ഷകര്‍, കരകൗശല വിദഗ്ധര്‍, കായികതാരങ്ങള്‍, പൗരന്മാര്‍ എന്നിവരെയാണ് ന്യൂസ് മേക്കര്‍ പുരസ്‌കാരത്തിന് യോജിച്ചവരായി മോദി കണക്കാക്കിയത്.
‘എന്നെ സംബന്ധിച്ചിടത്തോളം, ഈ വര്‍ഷം നിരവധി വാര്‍ത്താ താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. റെക്കോര്‍ഡ് കാര്‍ഷിക ഉല്‍പാദനത്തിന് നേതൃത്വം നല്‍കുകയും ആഗോളതലത്തില്‍ തിന വിപ്ലവം കൊണ്ടുവരുകയും ചെയ്യുന്ന നമ്മുടെ കര്‍ഷകര്‍. ജി 20 രാജ്യത്തുടനീളം വന്‍ വിജയമാക്കിയ നമ്മുടെ ആളുകള്‍. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ പാരാ ഗെയിംസിലും മറ്റ് ടൂര്‍ണമെന്റുകളിലും ഞങ്ങളെ അഭിമാനിപ്പിച്ച കായികതാരങ്ങള്‍,’ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളെയും സ്ത്രീകളെയും വാര്‍ത്താതാരങ്ങളില്‍ ഉള്‍പ്പെടുത്തുകയും അവര്‍ എങ്ങനെയാണ് ‘പുതിയ ഭാരത’ത്തിലേക്ക് സംഭാവന ചെയ്യുന്നതെന്ന് എടുത്തുകാണിക്കുകയും ചെയ്തു.