ഇസ്രായേലിൻ്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിൻ്റെ ചാരനെ ഇറാൻ വധിച്ചു.

0
81

ഇസ്രായേലിൻ്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിൻ്റെ ഏജൻ്റിനെ ഇറാൻ തൂക്കിലേറ്റി. മൊസാദ് അടക്കമുള്ള വിദേശ ഇൻ്റലിജൻസ് ഏജൻസികളുമായി പ്രവർത്തിച്ചുവന്നിരുന്ന ആളെയാണ് തൂക്കിലേറ്റിയതെന്ന് ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

തെക്കുകിഴക്കൻ പ്രവിശ്യയായ സിസ്താനിന്റെയും ബലൂചിസ്ഥാന്റെയും തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സഹെദാൻ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.വധശിക്ഷയ്ക്ക് വിധേയമാക്കിയ വ്യക്തി മൊസാദുമായി ആശയവിനിമയം നടത്തിയെന്നും രഹസ്യവിവരങ്ങൾ ശേഖരിച്ചു മൊസാദിനടക്കം നൽകിയെന്നും ഐആർഎൻഎ റിപ്പോർട്ടിൽ പറയുന്നു.

2022 ഏപ്രിലിൽ ഇറാൻ രഹസ്യാന്വേഷണ വിഭാഗം മൂന്നുപേരെ അറസ്റ്റു ചെയ്തിരുന്നു. മൊസാദുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതിൽ ഉൾപ്പെട്ടയാളെയാണോ തൂക്കിലേറ്റിയതെന്ന് വ്യക്തമല്ല.വർഷങ്ങളായി ഇറാനും ഇസ്രായേലും ചാരവൃത്തി ആരോപിച്ച് പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്.

തങ്ങളുടെ ബദ്ധശത്രുവായാണ് ഇറാനെ ഇസ്രായേൽ കണക്കാക്കുന്നത്. ഇറാൻ ആണവായുധം സ്വന്തമാക്കുന്നതിനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന ഭീഷണിയുമായി ഇസ്രായേൽ പലതവണ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ആണവായുധം സംബന്ധിച്ച ഇസ്രായേലിൻ്റെ ആരോപണം ഇറാൻ തള്ളുകയാണ് ചെയ്തത്.

2020ലും ചാരവൃത്തി ആരോപിച്ച് ഇറാൻ ഒരാളെ വധിച്ചിരുന്നു. ഇറാനിയൻ ജനറലിനെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കയ്ക്കും ഇസ്രായേലിനും പങ്കുവെച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. ഇറാഖിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇദ്ദേഹം പിന്നീട് കൊല്ലപ്പെട്ടിരുന്നു.

അതേസമയം ഇസ്രായേലിനെ അംഗീകരിക്കാത്ത ഇറാൻ ഇസ്രായേൽ വിരുദ്ധ സംഘടനകളായ ഹമാസിനും ഹിസ്ബുള്ളയ്ക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്നുണ്ട്. ഹമാസിൻ്റെ ഉന്മൂലനം ലക്ഷ്യമിട്ട് ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിനിടെയാണ് ഇറാൻ മൊസാദിൻ്റെ ചാരനെ വധിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here