വീട്ടിലെ ജോലിക്കാരിയുടെ രണ്ടു പവൻ മാല കവർന്ന ദമ്പതികൾ അറസ്റ്റിൽ.

0
62

കോട്ടയം: വീട്ടിലെ ജോലിക്കാരിയുടെ രണ്ടു പവൻ മാല കവർന്ന കേസിൽ ദമ്പതികൾ അടക്കം മൂന്ന് പേർ പിടിയില്‍. എറണാകുളം മരട് ആനക്കാട്ടിൽ ആഷിക് ആന്റണി (തക്കു–31), ഭാര്യ നേഹാ രവി (35), എറണാകുളം പെരുമ്പടപ്പ് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ അരൂർ ഉള്ളാറക്കളം അർജുൻ (22) എന്നിവരാണു പോലീസ് പിടിയിലായത്. ഒക്ടോബർ 16 നാണ് സംഭവം.

അയ്മനം സ്വദേശിനിയുടെ വീട്ടിലെത്തി മാല മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ആഷിക് ആന്റണിയുടെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. ജോലി ചെയ്ത വകയിൽ സ്ത്രീക്ക് ശമ്പള കുടിശ്ശികയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പണം നൽകാനില്ലെന്നും വീട്ടിലിരിക്കുന്ന ടിവി എടുത്തിട്ട് ശമ്പള കുടിശ്ശിക കുറച്ച് ബാക്കി തനിക്ക് 8000 രൂപ തന്നാൽ മതിയെന്നും ആഷിക് ആന്റണി പറഞ്ഞു. ഇക്കാര്യം വീട്ടമ്മ സമ്മതിച്ചതോടെ ടിവിയുമായി വീട്ടമ്മയുടെ വീട്ടിലെത്തിയ ആഷിക്കും ഭാര്യ നേഹയും ഇവരുടെ സുഹൃത്ത് അർജുനും ചേർന്ന് മാല മോഷ്ടിക്കുകയായിരുന്നു.

തുടർന്ന് മാല മോഷണം പോയെന്ന വിവരം അറി‍ഞ്ഞ് വീട്ടുജോലിക്കാരി പോലീസിൽ പരാതി നൽകി. തുടർന്ന് ഒളിവിൽ കഴിഞ്ഞുവന്ന ആഷിക് ആന്റണിയെയും ഭാര്യയെയും പഴനിയിൽ നിന്നാണ് പിടികൂടിയത്. അർജുനെ എറണാകുളത്തുനിന്നു പിടിച്ചു. ആഷിക് ആന്റണിയുടെ പേരില്‍ കളമശ്ശേരി, കോട്ടയം വെസ്റ്റ്, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകള്‍ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ കെ.ആർ. പ്രശാന്ത് കുമാർ, എസ്.ഐ.മാരായ അജ്മൽ ഹുസൈൻ, ജയകുമാർ, സജികുമാർ, സി.പി.ഒ.മാരായ കെ.എൻ. രാജേഷ്, ഷൈൻതമ്പി, സലിമോൻ, അരുൺകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here