തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചർ. കോവിഡ് മരണം മറച്ചു വെക്കുന്നില്ല. മരണങ്ങൾ മറച്ചു വെക്കുന്നുവെന്ന പ്രചാരണം ശരിയല്ല. ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലവും, മെഡിക്കൽ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് മരണം ഉൾപ്പെടുത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.
പേര് ഉൾപ്പെടുത്താൻ താമസം വരുന്നത് സാമ്പിൾ ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയക്കേണ്ടി വരുന്നതിനാലാണ്. മധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ മരണങ്ങൾ പിന്നീട് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മരണങ്ങൾ തരംതിരിച്ച് ഒഴിവാക്കുന്നതിന് സർക്കാരിന് എതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മറുപടി. രോഗവ്യാപനം കൂടിയതോടെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുന്ന മരണങ്ങളുടെ എണ്ണവും കൂടുന്നതായാണ് ആരോപണം ഉയർന്നത്.