അപകടത്തിൽ ഒരു മണിക്കൂറിലധികം തടി ലോറിക്കടിയിൽ കുടുങ്ങിയ കാർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു.കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിൽ ആണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തിൽ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി മറിഞ്ഞു. കാർ പൂർണ്ണമായും ലോറിയുടെ അടിയിലായത്തോടെ പിന്നെ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ.
ഫയർഫോഴ്സ് എത്തി ജെസിബിയുടെ സഹായത്തോടെ ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടർന്ന് കയർപൊട്ടിച്ച് തടികൾ എടുത്ത് മാറ്റി ലോറി ഉയർത്തി.അവിടെയും തീർന്നില്ല, പൂർണമായും തകർന്ന കാറിനു ഉള്ളിൽ കുടുങ്ങിയ നജീബിനെ ലോഹം മുറിച്ച് മാറ്റി ആണ് പുറത്ത് എടുത്തത്.
ഒരു മണിക്കൂർ മരണത്തെ മുന്നിൽ കണ്ട നജീബ് ഒടുവിൽ ആശുപത്രിയിലേക്ക്. നൂറ് കണക്കിന് നാട്ടുകാരും പോലീസും എല്ലാം ശ്രമകരമായ ഈ ദൗത്യത്തിൽ പങ്കാളികളായി.ആക്രിക്കട നടത്തുന്ന നജീബ് വീട്ടിലേക്ക് പോകുന്ന വഴി കടയിൽ കയറി പാൽ വാങ്ങി കാറിൽ കയറിയ ഉടനെയായിരുന്നു അപകടം.