സംസ്ഥാന സർക്കാർ കടുത്ത ചെലവുചുരുക്കൽ നടപടികളിലേക്ക്. ബജറ്റിൽ പ്രഖ്യാപിച്ച എയ്ഡഡ് സ്കൂൾ നിയമന നിയന്ത്രണം ഉടൻ നടപ്പാക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായേക്കും. മാനേജ്മെൻ്റുകളുടെ എതിർപ്പ് അവഗണിച്ചാണ് സർക്കാർ ബജറ്റ് നിർദേശം നടപ്പാക്കുന്നത്. ഉദ്യോഗസ്ഥ പുനർവിന്യാസവും ഉടൻ നടപ്പാക്കും.
സർക്കാർ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നെങ്കിലും ബജറ്റ് നിർദ്ദേശം നടപ്പാക്കാനുള്ള ഉത്തരവ് ഇറക്കിയിരുന്നില്ല. മാനേജ്മെൻറുകളുടെ എതിർപ്പ് അവഗണിച്ചു മുന്നോട്ട് പോകാൻ സി പി എം തീരുമാനിച്ചതോടെയാണ് സർക്കാർ തുടർ നടപടിയിലേക്ക് കടന്നത്. ഉത്തരവിറക്കി എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കും. കെ. ഇ.ആർ ചട്ടം ഭേദഗതി ചെയ്ത് പിന്നീട് വിജ്ഞാപനമിറക്കും. എൽ.പി സ്കൂളിൽ 30 കുട്ടികൾക്കും യു.പി സ്കൂളിൽ 35 കുട്ടികൾക്കും ഒരു അധ്യാപകൻ എന്നാണ് ചട്ടം. ഒരു കുട്ടി കൂടിയാൽ പോലും എ.ഇ.ഒ യുടെ അനുമതിയോടെ അധിക തസ്തിക സൃഷ്ടിക്കുന്നതിന് ഇതാടെ വിരാമമാകും.
സർക്കാർ അറിയാതെ പുതിയ തസ്തിക സൃഷ്ടിക്കാനാവില്ല. എയ്ഡഡ് ഇത്തരത്തിൽ സൃഷടിക്കപ്പെട്ട 18119 തസ്തികകൾ സർക്കാരിന് വൻ ബാധ്യത വരുത്തിയിട്ടുണ്ട്. എസ് എൻ ഡി പി ഒഴികെയുള്ള മാനേജ്മെൻ്റുകൾ ബജറ്റ് പ്രഖ്യാപനത്തിനെതിരെ രംഗത്തു വന്നിരുന്നു. ബജറ്റിൽ പ്രഖ്യാപിച്ച ഉദ്യോഗസ്ഥ പുനർവിന്യാസം നടപ്പാക്കാനും ഉടൻ നടപടിയെടുക്കും. ഇതോടെ സെക്രട്ടേറിയറ്റിലടക്കം അധികമായിരിക്കുന്നവർക്ക് ജീവനക്കാരുടെ ക്ഷാമമുള്ള വകുപ്പുകളിലേക്ക് പോയി പണിയെടുക്കേണ്ടി വരും.