അയോധ്യ രാമക്ഷേത്രത്തിൽ പൂജാരിമാരുടെ ഒഴിവിലേക്ക് ലഭിച്ചത് 3000ലധികം അപേക്ഷകളെന്ന് രാം മന്ദിര്‍ തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ്. ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി ക്ഷേത്ര ട്രസ്റ്റ് പൂജാരിമാരെ ആവശ്യമുണ്ടെന്ന പരസ്യം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത്രയധികം അപേക്ഷകൾ ലഭിച്ചത്.
അതേസമയം ഇവരില്‍ നിന്ന് 200 പേരെ ട്രസ്റ്റ് അഭിമുഖത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. അയോധ്യയിലെ വിശ്വഹിന്ദു പരിഷത്ത് ആസ്ഥാനത്തുള്ള കര്‍സേവക് പുരത്താണ് അഭിമുഖം നടത്തിവരുന്നത്.
വൃന്ദാവനിലെ ഹിന്ദു ഉപദേഷ്ടാവ് ജയ്കാന്ത് മിശ്ര, പൂജാരിമാരായ മിഥിലേഷ് നന്ദിനി ശരണ്‍, സത്യനാരായണന്‍ ദാസ്, എന്നിവരാണ് അഭിമുഖം സംഘടിപ്പിക്കുന്നത്.അഭിമുഖം നടത്തി 20 പേരെ തെരഞ്ഞെടുക്കാനാണ് ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറ് മാസത്തെ പരിശീലനം നല്‍കിയ ശേഷം വിവിധ പദവികളിലേക്ക് നിയമിക്കുമെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടാത്തവര്‍ക്കും പരിശീലനം നല്‍കും. പരിശീലനത്തിന്റെ ഭാഗമായി ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി അറിയിച്ചു. ഭാവിയില്‍ പൂജാരിമാരുടെ ഒഴിവ് വന്നാല്‍ ഇവരെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതപരമായ സിലബസ് അടിസ്ഥാനമാക്കിയായിരിക്കും ഇവര്‍ക്ക് പരിശീലനം നല്‍കുക. പരിശീലന വേളയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഭക്ഷണവും താമസവും സൗജന്യമായി നല്‍കും. കൂടാതെ 2000 രൂപ സ്റ്റൈപെന്‍ഡായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അയോധ്യ ശ്രീരാമക്ഷേത്രവിഗ്രഹ പ്രതിഷ്ഠയുടെ തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരി 22 നാകും വിഗ്രഹ പ്രതിഷ്ഠ നടത്തുക. 7 ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ക്ഷേത്രത്തിന്റെ അവസാനവട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് നിര്‍മാണ കമ്മിറ്റി ചെയര്‍പേഴ്സണ്‍ നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.
വിഗ്രഹ പ്രതിഷ്ഠയില്‍ പങ്കെടുക്കാനായി അയോധ്യയില്‍ എത്തുന്ന പ്രധാനമന്ത്രി അഞ്ച് ദിവസം അവിടെ തങ്ങും. ജനുവരി 20 മുതല്‍ 24 വരെയാകും പ്രധാനമന്ത്രി അയോധ്യയില്‍ തങ്ങുകയെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.2020 ഓഗസ്റ്റ് 5 നാണ് പ്രധാനമന്ത്രി അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്.