കുമളി: പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ വിലക്ക് മരുന്നുകള്‍ നല്‍കാൻ തുറന്ന നീതി മെഡിക്കല്‍ സ്റ്റോറിനോട് അധികൃതരുടെ അനീതി.
ആവശ്യത്തിന് മരുന്ന് എത്തിച്ചു നല്‍കാതെ പ്രതിസന്ധിയിലായിരുന്ന കുമളിയിലെ നീതി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരില്ലന്ന പേരില്‍ അടച്ചു പൂട്ടി. സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡിന്‍റെ കീഴില്‍ കുമളി ടൗണിലെ സ്ഥാപനമാണ് അധികൃതര്‍ അടച്ചത്. കുമളി ഗ്രാമപഞ്ചായത്ത് വക കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. മുമ്ബ് കുമളിയില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ അനുവദിച്ച ഘട്ടത്തില്‍ ഇതിനെതിരെ വ്യാപകമായ നീക്കം നടന്നിരുന്നു. ഏറെ കാത്തിരിപ്പിനൊടുവിലാണ് പഞ്ചായത്ത് വിട്ടുനല്‍കിയ കെട്ടിടത്തില്‍ തുറക്കാനായത്.
എന്നാല്‍, പ്രവര്‍ത്തിച്ചു തുടങ്ങിയതു മുതല്‍ ആവശ്യത്തിന് മരുന്നും സൗകര്യങ്ങളും നല്‍കാതെ നീതി മെഡിക്കല്‍ സ്റ്റോര്‍ ഇല്ലാതാക്കാൻ അധികൃതര്‍ ശ്രമം നടത്തി വരികയായിരുന്നെന്ന് മുമ്ബ് സ്ഥാപനത്തിലുണ്ടായിരുന്നവര്‍ തന്നെ പറയുന്നു. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെയും മരുന്ന് കമ്ബനികളെയും സഹായിക്കാനാണ് ഇത്തരത്തില്‍ നീക്കം നടത്തിയതെന്നാണ് വിവരം. അത്യാവശ്യമരുന്നുകള്‍ പോലും നീതി മെഡിക്കല്‍ സ്റ്റോറില്‍ എത്തിച്ചു നല്‍കാൻ അധികൃതര്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് നാട്ടുകാരും പറയുന്നു.
നീതി മെഡിക്കല്‍ സ്റ്റോര്‍ കുമളിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം നിരവധി സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളാണ് കുമളിയില്‍ തുറന്നത്. ഇവിടെയെല്ലാം വൻതോതില്‍ കച്ചവടം നടക്കുമ്ബോഴും നീതിയില്‍ കച്ചവടം ഇല്ലെന്ന് വരുത്തി പൂട്ടിക്കാനാണ് തുടര്‍ച്ചയായി ശ്രമം നടന്നിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കേയാണ് ജീവനക്കാരില്ലന്ന പേരില്‍ ദിവസങ്ങള്‍ക്കു മുമ്ബ് സ്ഥാപനം പൂട്ടിയത്. നീതി സ്റ്റോര്‍ പൂട്ടലിനെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.