വിശാഖപട്ടണം: മദ്യം നിഷേധിച്ചതിനെ തുടര്‍ന്ന് വൈൻ ഷോപ്പിന് തീയിട്ടയാളെ വിശാഖപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്തെ മദുര്‍വാഡ സ്വദേശിയായ മധുവാണ് അറസ്റ്റിലായത്.
മദുര്‍വാഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പ്രതി വൈൻ ഷോപ്പിലെത്തിയപ്പോള്‍ കടയടക്കുന്ന സമയമായതിനാല്‍ ജീവനക്കാര്‍ മദ്യം നല്‍കിയില്ല. ഇതോടെ പ്രതികളും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. താക്കീത് നല്‍കിയ ശേഷം പ്രതി സ്ഥലംവിട്ടെങ്കിലും ഞായറാഴ്ച വൈകീട്ട് പെട്രോളുമായി കടയിലെത്തി കടയ്ക്കുള്ളിലും ജീവനക്കാരുടെ മേലും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കടയില്‍ നിന്ന് ജീവനക്കാര്‍ ഇറങ്ങിയോടിയെങ്കിലും കട പൂര്‍ണമായും കത്തിനശിച്ചു. കംപ്യൂട്ടറും പ്രിന്‍ററും ഉള്‍പ്പെടെ ഒന്നരലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി.
സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണ്. പ്രതിക്കെതിരെ കേസെടുത്തു.