കണ്ണൂര്‍:മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റര്‍ ഇൻ ചാര്‍ജും ചിത്രകാരനും ലളിതകലാ അക്കാദമി മുൻ ചെയര്‍മാനുമായ കെ.എ.ഫ്രാൻസിസ് (76) അന്തരിച്ചു. ഇന്നു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ലളിതകലാ അക്കാദമിയിലെ പൊതുദര്‍ശനത്തിനു ശേഷം ശനിയാഴ്ച്ച കോട്ടയത്തു സംസ്കാരം. മലയാള മനോരമയില്‍ വിവിധ ചുമതലകളില്‍ അരനൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു. മനോരമ കണ്ണൂര്‍ യൂണിറ്റ് മേധാവി സ്ഥാനത്തു നിന്നു 2002ല്‍ ആണ് ആഴ്ചപ്പതിപ്പിന്റെ ചുമതല ഏറ്റെടുത്തത്.
തൃശൂര്‍ കുറുമ്ബിലാവില്‍ 1947 ഡിസംബര്‍ ഒന്നിനാണു ജനനം. പ്രശസ്ത ചിത്രകാരനും ബാലചിത്രകലാ പ്രസ്ഥാനത്തിനു തുടക്കമിട്ട യൂണിവേഴ്സല്‍ ആര്‍ട്സ് സ്ഥാപകനും ആയ കെ.പി. ആന്റണിയുടെ മകനാണ്. തൃശൂരിലും കോഴിക്കോട്ടും തലശേരിയിലുമായി വിദ്യാഭ്യാസം. 1970ല്‍ മനോരമ പത്രാധിപസമിതിയിലെത്തി. ദീര്‍ഘകാലം കണ്ണൂര്‍ യൂണിറ്റ് മേധാവിയായിരുന്നു. മലയാള പത്രത്തിന് ആദ്യമായി ലഭിക്കുന്ന ദേശീയ അംഗീകാരമായ ന്യൂസ് പേപ്പര്‍ ലേഔട്ട് ആൻഡ് ഡിസൈൻ അവാര്‍ഡ് 1971ല്‍ മനോരമയ്ക്കു നേടിക്കൊടുത്തു. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ്, കോഴിക്കോട് യൂണിവേഴ്സല്‍ ആര്‍ട്സ് സെക്രട്ടറി, ടെലിഫോണ്‍ കേരള സര്‍ക്കിള്‍ ഉപദേശക സമിതി അംഗം, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ്, സംസ്ഥാന പത്രപ്രവര്‍ത്തക പെൻഷൻ നിര്‍ണയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദി എസൻസ് ഓഫ് ഓം, ഇ.വി. കൃഷ്ണപിള്ള (ജീവചരിത്രം), കള്ളന്മാരുടെ കൂടെ, ഇ. മൊയ്തുമൗലവി: നൂറ്റാണ്ടിന്റെ വിസ്മയം തുടങ്ങി ഇരുപതോളം കൃതികള്‍ രചിച്ചു. പ്രമുഖ താന്ത്രിക് ചിത്രകാരനെന്ന നിലയില്‍ കലാലോകത്തു ഖ്യാതി നേടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്രാൻസിസിന്റെ ചിത്രപ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യ പുരസ്കാരം (2014), ലളിതകലാ അക്കാദമി സ്വര്‍ണപ്പതക്കം (2000), ലളിതകലാ പുരസ്കാരം (2015), ഫെലോഷിപ് (2021) തുടങ്ങിയ പുരസ്കാരങ്ങള്‍ നേടി. ഭാര്യ: തട്ടില്‍ നടയ്ക്കലാൻ കുടുംബാംഗമായ ബേബി. മക്കള്‍: ഷെല്ലി (ദുബായ്), ഡിംപിള്‍ (മലയാള മനോരമ തൃശൂര്‍), ഫ്രെബി. മരുക്കള്‍: ദീപ (അധ്യാപിക, ദുബായ്), ജോഷി ഫ്രാൻസിസ് കുറ്റിക്കാടൻ, ജിബി.