ജൈനമതത്തിലുമുണ്ട് ദീപാവലി; ദീപാവലിക്ക് പിന്നിലെ വിവിധ ഐതീഹ്യങ്ങൾ.

0
75

ദീപാവലിയെ വരവേൽക്കാനായി ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വീട് വൃത്തിയാക്കുന്നത് മുതൽ തുടങ്ങുന്നു ആചാരത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ. വീടുകൾ വൃത്തിയാക്കി ലക്ഷ്മി പൂജ നടത്തുന്നതോടെ ദീപാവലി അഘോഷങ്ങൾ ആരംഭിക്കുകയായി. പിന്നെ പുതിയ വസ്ത്രം വാങ്ങലും, വീട് അലങ്കരിക്കലുമെല്ലാമായി തിരക്കുകളിൽ മുങ്ങും വിശ്വാസികൾ.

ഐതീഹ്യപരമായി ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചത് ത്രേതാ യുഗത്തിലാണെന്നും അല്ല ദ്വാപര യുഗത്തിലാണെന്നും രണ്ട് വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രീരാമനെയും ശ്രീകൃഷ്ണനെയും ബന്ധപ്പെടുത്തി ദീപാവലി ആഘോഷിക്കുന്നുണ്ട്.

രാവണനെ നിഗ്രഹിച്ച്, അഗ്നിശുദ്ധി വരുത്തിയ സീതയുമൊത്ത് അയോദ്ധ്യയിലേക്ക് തിരിച്ചെത്തുന്ന ശ്രീരാമനെ സ്വീകരിക്കാൻ അയോദ്ധ്യാവാസികൾ ദീപാലങ്കാരങ്ങൾ നടത്തിയെന്നാണ് ഒരു വിശ്വാസം.

ശ്രീകൃഷ്ണൻ ദുഷ്ടനായ നരകാസുരനെ വധിച്ചതിൽ സന്തുഷ്ടരായ ദേവകൾ വിളക്ക് തെളിയിച്ച് ആഘോഷിച്ചത് ഭൂമിയിലേക്കും വ്യാപിച്ചെന്നും പിന്നീട് അതി ഭൂമിയിലെ ആഘോഷമായെന്നുമാണ് മറ്റൊരു വിശ്വാസം. മഹാബലിയുമായി ബന്ധപ്പെട്ടും ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷിക്കുന്നുണ്ട്.

ജൈനമതക്കാരുടെ ദീപാവലി ആഘോഷം മറ്റൊന്നാണ്. ജൈനമത സ്ഥാപകനായ വർദ്ധമാനമഹാവീരനെ അറിവിന്റെ വെളിച്ചമായിട്ടാണ് അവർ കണക്കാക്കുന്നത്. അദ്ദേഹം യശ്ശശരീരനായെങ്കിലും ഇപ്പോഴും ജൈനമതക്കാർ ആ വെളിച്ചം ഉൾക്കൊള്ളുന്നുണ്ട്. അതിന്റെ ഓർമ്മ പുതുക്കലായിട്ടാണ് ജൈനമതക്കാർ ദീപാവലി ആഘോഷിക്കുന്നത്.

ഈ ആഘോഷങ്ങളും വിശ്വാസങ്ങളുമെല്ലാം തെളിയിക്കുന്നത് ദീപാവലി ദീപങ്ങളുടെ ആഘോഷമാണെന്നാണ്. ലോകമെമ്പാടുമുള്ള വിശ്വാസികൾ ദീപങ്ങൾ കത്തിച്ചും, മധുരപലഹാരങ്ങളുണ്ടാക്കിയും ഈ ദിനം കൊണ്ടാടും. കൊവിഡ് കാലമായതുകൊണ്ട് തന്നെ ആഘോഷങ്ങളെല്ലാം പരിമിതപ്പെടുത്തിയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുമായിരിക്കും അരങ്ങേറുക.

LEAVE A REPLY

Please enter your comment!
Please enter your name here