ലോക്സഭാ തെരഞ്ഞെടുപ്പോടെ രാജ്യത്ത് ഭരണ മാറ്റം ഉണ്ടാകുമെന്ന് കോൺ​ഗ്രസ് എം പി ശശി തരൂർ.

0
68

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടെ രാജ്യത്ത് ഭരണ മാറ്റം ഉണ്ടാകുമെന്ന് കോൺ​ഗ്രസ് എം പി ശശി തരൂർ. ഹിന്ദി ഹൃദയ ഭൂമിയിലുൾപ്പെടെ രാജ്യത്ത് ഭരണ വിരുദ്ധ വികാരം പ്രകടമാണെന്ന് മനോരമ കോൺക്ലേവ് വേദിയിൽ അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും വിലക്കയറ്റവും അസമത്വവും രാജ്യത്ത് മുൻപത്തേക്കാളുമേറെ വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സാമ്പത്തിക അസമത്വം വല്ലാതെ കൂടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ധനികരായ 1 ശതമാനം ആളുകൾക്കാണ് രാജ്യത്തിന്റെ ജി ഡി പിയുടെ 20 ശതമാനത്തോളം കൈക്കലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സമത്ത് ഒരുപാട് പേർ കഷ്ടപ്പെട്ടു. ഭക്ഷണം പോലുമില്ലാതെ വലഞ്ഞു.

എന്നാൽ ഈ പറയുന്ന ധനികരായ പക്ഷത്തിന് അപ്പോൾ അവകരുടെ സമ്പത്ത് 2000 മുതൽ 3000 ശതമാനത്തിലധികം വർധിക്കുകയാണ് ചെയ്തത്. അത് വലിയ അസമത്വ ബോധം പാവപ്പെട്ടവരിൽ ഉണ്ടാക്കുന്നുണ്ടെന്നും ശശി തരൂർ എം പി പറഞ്ഞു.
കേരളത്തിൽ കോൺ​ഗ്രസ് പാർട്ടിയിൽ സ്ത്രീകൾക്ക് വേണ്ടത്ര പരി​ഗണന ലഭിക്കാറില്ലെന്നും കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം കൂടുയായ ശശി തരൂർ ഇന്ന് പ്രതികരിച്ചു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനൊപ്പമാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും സ്ഥാനാർത്ഥി നിർണയത്തിൽ അവസാന ഘട്ടത്തിൽ സ്ത്രീകൾ ഒഴിവാക്കപ്പെടാറുണ്ടെന്നും ശശി തരൂർ എം പി ചൂണ്ടിക്കാട്ടി. വനിതകൾക്ക് അവസരം ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വം പുരുഷ നേതാക്കന്മാരുടേതാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വിവാദമായ കോൺ​ഗ്രസ് കുടുംബാധിപത്യ പ്രസ്താവന വളച്ചൊടിച്ചുണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

നെഹ്റു- ​ഗാന്ധി കുടുംബം കോൺ​ഗ്സിന്റെ കരുത്താണ്. ഒരു സ്വകാര്യ ചടങ്ങിൽ പറഞ്ഞ കാര്യത്തെ തെറ്റായി വ്യഖ്യാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി പ്രവർത്തകർക്കിടയിൽ ഏത് തിരഞ്ഞെടുപ്പ് നടത്തിയാലും രാഹുൽ ഗാന്ധിക്കാകും പ്രവർത്തകരുടെ പിന്തുണ എന്നതിൽ സംശയമില്ല. ഇസ്രായേൽ- ഹമാസ് വിഷയത്തിലും ശശി തരൂർ എം പി പ്രതികരിച്ചു. കേന്ദ്രസർക്കാരിന്റെ നയത്തിൽ തെറ്റില്ല, പക്ഷെ അത് പൂർണമായും ശരിയല്ല.

ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണമുണ്ടായപ്പോൾ ഇസ്രയേലിന്റെ കൂടെ നിന്നതിൽ തെറ്റ് കാണുന്നില്ല. പക്ഷേ, അതേ സമയം പാലസ്തീനികൾക്കും ഇല്രയേലുകാരെപ്പോലെ ജീവിക്കാനുള്ള സംവിധാനം ഉണ്ടാകണം. അതിനെക്കുറിച്ച് ആദ്യ ഘട്ടത്തിൽ ഒരു വാക്കും പറയാതിരുന്നത് ശരിയായില്ല. പിന്നീട് ഇത് തിരുത്തിയെങ്കിലും തുടക്കത്തിൽ ഇത് പറയാമായിരുന്നുവെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here