ഇടുക്കി മൂന്നാറിൽ സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി തുടങ്ങി

0
73

തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യു ദൗത്യ സംഘം ആനയിറങ്കൽ- ചിന്നക്കനാൽ മേഖലയിലെ കൈയേറ്റം നടന്ന അഞ്ച് ഏക്കർ സർക്കാർ ഭൂമി ഒഴിപ്പിച്ചു. അടിമാലി സ്വദേശി റ്റിജു കുര്യക്കോസ് കൈയേറി ഏല കൃഷി ചെയ്ത 5.55 ഏക്കർ സ്ഥലമാണ് രാവിലെ ഒഴിപ്പിച്ചത്. കയ്യേറ്റ ഭൂമിയിൽ ദൗത്യസംഘം സർക്കാർ ഭൂമിയാണെന്ന് സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചു. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥർ സീൽ ചെയ്തു.ഹൈക്കോടതി ഉത്തരവിന് പിന്നാലേ സംസ്ഥാന സർക്കാർ പുതിയ മൂന്നാർ ദൗത്യത്തിനായി സംഘത്തെ രുപികരിക്കുകയും നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.

ഇതേ തുടർന്നാണ് ഒഴുപ്പിക്കൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി കൃഷി വെട്ടി നശിപ്പിച്ചിട്ടില്ല. ആദായം എടുക്കുന്നതിന് ലേലം ചെയ്തു നൽകാൻ ശുപാർശ ചെയ്ത് റിപ്പോർട്ട്‌ ഇടുക്കി കളക്ടർക് കൈമാറും. ഒഴിപ്പിച്ച ഭൂമിയിൽ ഉണ്ടായിരുന്ന കെട്ടിടം സീൽ ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്.എന്നാല്‍, ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയിട്ടും പട്ടയം ഇല്ലാത്തതിനാൽ അധികൃതർ മുഖവിലയ്ക്കെടുത്തില്ലെന്ന് റ്റിജു പ്രതികരിച്ചു. ഇടുക്കിയിലെ വൻ കിട കൈയേറ്റങ്ങൾ മറച്ചു വെയ്ക്കുന്നതിനെയാണ് റവന്യൂ വകുപ്പ് കുടിയേറ്റ കർഷക ഭൂമി പിടിച്ചെടുക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

അര നൂറ്റാണ്ടിലധികമായി കൃഷി ചെയ്തു വരുന്ന ഭൂമിയാണ് നിലവിൽ പിടിച്ചെടുത്തത്. ചിന്നക്കനാലിൽ അടക്കം അനധികൃത നിർമാണങ്ങൾ കാണാതെ കർഷകനെ കുടിയിറക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ചെറുകിട കുടിയേറ്റക്കാർക്കും റവന്യു വകുപ്പ് നോട്ടീസ് നൽകിയെന്ന് അവർ ആരോപിച്ചു.വൻകിട കൈയേറ്റങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു. കയ്യേറ്റവും കുടിയേറ്റവും രണ്ടാണ്. അഞ്ച് സെന്‍റിൽ കുറവുള്ളവരെ ഒഴിപ്പിക്കലല്ല ലക്ഷ്യമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. മൂന്നാർ ദൗത്യത്തിന് മുൻ മാതൃകകളില്ല. മണ്ണുമാന്തിയന്ത്രങ്ങളും കരിമ്പൂച്ചകളും മുഖമുദ്രയെന്ന് തെറ്റിദ്ധരിക്കേണ്ട.

സിനിമാറ്റിക് നടപടി പ്രതീക്ഷിക്കരുതെന്നും മന്ത്രി കെ രാജൻ പറഞ്ഞു.മൂന്നാർ മേഖലയിൽ 310 കയ്യേറ്റങ്ങൾ ഉണ്ടെന്നാണ് റവന്യൂ വകുപ്പ് കോടതിയിൽ റിപ്പോര്ട്ട് നൽകിയിരിക്കുന്നത്. ഇതിൽ ഉൾപ്പെട്ടതാണ് നിലവിൽ ഒഴുപ്പിച്ച ഭൂമി. 57 അനധികൃത നിർമാണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സി പി എം പാർട്ടി ഓഫീസുകൾ അടക്കം ഉൾപെടും. ഇത്തരം നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വികരിയ്ക്കുമോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. എന്നാൽ കർഷക ഭൂമി മാത്രം പിടിച്ചെടുക്കാനുള്ള നടപടികളാണെങ്കിൽ മേഖലയിൽ വൻ പ്രതിഷേധം ഉയരും

LEAVE A REPLY

Please enter your comment!
Please enter your name here