യുഎസിലെ ടെന്നസിയിൽ അതിസാഹസികമായ ഒരു രക്ഷാദൗത്യത്തിനാണ് അഗ്നിശമന സേനാംഗങ്ങൾ നേതൃത്വം നൽകിയത്. തങ്ങളുടെ ജീവൻ പണയപ്പെടുത്തിയാണ് കരടിയുടെ ഗുഹയിൽ കുടുങ്ങിയ നായയെ ഇവർ രക്ഷപ്പെടുത്തിയത്. ചാർലി എന്നാണ് ഈ നായയുടെ പേര്. ഏകദേശം 200 പൗണ്ടോളം തൂക്കം വരുന്ന വലിയ കരടിയുടെ ഗുഹയിലാണ് ചാർലി 3 മൂന്ന് ദിവസം കുടുങ്ങിയത്. 40 അടി താഴ്ചയുള്ള ഗുഹയിൽ നായ കുടുങ്ങിക്കിടക്കുന്നതായി വാൾഡൻസ് ക്രീക്ക് ഫയർ ഡിപ്പാർട്ട്‌മെന്റിന് ഫോണിൽ സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് എത്തിയപ്പോൾ, ഒരു അഗ്നിശമന സേനാംഗം ഇടുങ്ങിയ ഗുഹയിലേക്ക് കയറിൽ ഇറങ്ങി. എന്നാൽ ഗുഹയിൽ കുടുങ്ങി കിടന്ന നായയുടെ ഏതാനും അടി അകലെ ഉറങ്ങിക്കിടക്കുന്ന കരടിയെ കണ്ട് സേനാംഗം ഞെട്ടി. സുരക്ഷ ഭയന്ന് സംഘം ഉടൻ തന്നെ ഗുഹ വിട്ട് പുറത്തെത്തി. പിന്നീട് കരടിയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഗുഹയിൽ ക്യാമറകൾ സ്ഥാപിച്ചു. ഇതിനെ തുടർന്ന് പിറ്റേ ദിവസം കരടി അവിടെ ഇല്ലെന്ന് മനസിലാക്കിയ ഉടൻ അവർ മടങ്ങിയെത്തി നായയെ പുറത്തെടുത്ത് ഉടമയെ ഏൽപ്പിച്ചു. മൂന്ന് ദിവസം ഗുഹയിൽ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞിട്ടും ചാർലിയ്ക്ക് കാര്യമായ ക്ഷീണം ഉണ്ടായിരുന്നില്ല.
ഫയർ ഡിപ്പാർട്ട്‌മെന്റ് ഈ രക്ഷാദൗത്യത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കിടുകയും മുൻ വർഷം ഇംഗ്ലീഷ് പർവതത്തിലെ ഒരു ഗുഹയിൽ നിന്ന് സ്റ്റോം എന്ന നായാട്ട് നായയെ രക്ഷിച്ചതിന് സമാനമായ രക്ഷാപ്രവർത്തനമായിരുന്നു ഇതെന്ന് വിവരിക്കുകയും ചെയ്തു. ഇത്തവണ, സ്റ്റോമിന്റെ കസിൻ ചാർളിയാണ് കുടുങ്ങിയതെന്നും പോസ്റ്റിൽ പറയുന്നു. നായയെ രക്ഷിക്കാൻ അഗ്നിശമന സേനാംഗം ടോറി ഡൗണിംഗും ക്യാപ്റ്റൻ ജോൺ ലാനിയറുമാണ് നേതൃത്വം നൽകിയതെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ നായ കുടുങ്ങിയ സ്ഥലത്തിനരികിൽ കരടിയെ കൂടി കണ്ടതോടെ ദൗത്യത്തിന് അപ്രതീക്ഷിത വഴിത്തിരിവായെന്നും ഫയർ ഡിപ്പാർട്ട്‌മെന്റ് പോസ്റ്റിൽ പറഞ്ഞു.
“അഗ്നിശമന സേനാംഗം ക്രിസ്റ്റ്യൻ എലാർഡ് (വാൾഡൻസ് ക്രീക്ക്), അഗ്നിശമന സേനാംഗം ആൻഡ്രൂ വോജ്‌തുർസ്‌കി (സേവിയർ കൗണ്ടി ഫയർ ആൻഡ് റെസ്‌ക്യൂ), ക്യാപ്റ്റൻ ജോൺ ലാനിയർ (വാൾഡൻസ് ക്രീക്ക്) എന്നിവർ ഒരു കയറിൽ തൂങ്ങിയാണ് ഗുഹയിൽ പ്രവേശിച്ചത്. താഴേക്ക് ഇറങ്ങിയ ഇവർ കുടുങ്ങി കിടന്ന ചാർലിയെ കണ്ടെത്തി. അവർ നായയ്ക്ക് വേണ്ടി ഒരു ഹാർനെസ് കരുതിയിരുന്നു. അത് ധരിപ്പിച്ചാണ് നായയെ പുറത്തെത്തിച്ചത്“ ഫയർ ഡിപ്പാർട്ട്‌മെന്റ് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഒക്ടോബർ 12-നാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അഗ്നിശമന സേനയുടെ ഈ വിജയകരമായ ദൗത്യത്തെ അഭിനന്ദിച്ച് നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 1,000ലധികം ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.