ന്യൂയോര്‍ക്ക്: രണ്ടാമതും പ്രസിഡന്റായി അധികാരത്തിലെത്തിയാല്‍ ഹമാസിനെ പിന്തുണയ്ക്കുന്ന കുടിയേറ്റക്കാരെ യുഎസില്‍ പ്രവേശിപ്പിക്കില്ലെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. മാത്രമല്ല അധികാരം ലഭിച്ചാല്‍ പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസിനെ പരസ്യമായി പിന്തുണയ്ക്കുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് അനുകൂല പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോവയിലെ പ്രചരണത്തിനിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. വീണ്ടും പ്രസിഡന്റ് ആയാൽ ഇസ്രായേലിന്റെ അവകാശങ്ങളെ പിന്തുണയ്ക്കാത്തവരെ യുഎസിലേക്ക് കയറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂതവിരോധികളായ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഭീകരപ്രവര്‍ത്തനങ്ങള്‍ സജീവമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ എങ്ങനെ നടപ്പിലാക്കും എന്ന കാര്യത്തില്‍ അദ്ദേഹം വിശദീകരണം നല്‍കിയില്ല.
അധികാരത്തിലിരുന്ന സമയത്ത് ട്രംപ് നടപ്പിലാക്കിയ കുടിയേറ്റ നയങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. കോടതി വരെ ഈ നയങ്ങളെ ചോദ്യം ചെയ്തിട്ടുമുണ്ട്.