ബംഗളൂരു: കാവേരി നദിജല തർക്കവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ കർണാടകത്തിൽ ഇന്ന് ബന്ദ്. തീവ്ര കന്നഡ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ബന്ദ്. തമിഴ്നാടിന് കർണാടക 5000 ഘനയടി കാവേരി ജലം വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) ഉത്തരവിനെതിരെയാണ് പ്രതിഷേധം ശക്തമായത്. ഈ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചിരുന്നു. തീവ്ര കന്നട അനുകൂല സംഘടനയായ കന്നട ചലാവലി വാട്ടാല്‍ പക്ഷയാണ് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ബന്ദിന് ആഹ്വാനംചെയ്തിരിക്കുന്നത്. വിവിധ കര്‍ഷക സംഘടനകളും കര്‍ണാടക ജലസംരക്ഷണ കമ്മിറ്റിയും രാഷ്ട്രീയ പാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ പ്രധാന ദേശീയ-സംസ്ഥാന പാതകളും രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നുവരെ തടയുമെന്ന് ബന്ദിന് ആഹ്വാനം ചെയ്തവർ അറിയിച്ചിട്ടുണ്ട്. ടോള്‍ഗേറ്റുകളും വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും സ്തംഭിപ്പിക്കുമെന്നും സമരക്കാര്‍ അറിയിച്ചു. കർണാടക ബന്ദിന്റെ പശ്ചാത്തലത്തിൽ ബംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ദിന് ഒല, ഉബര്‍ വെബ്ടാക്സി ഡ്രൈവര്‍മാരുടെയും റസ്റ്റാറന്റ് ഉടമകളുടെയും പിന്തുണയുണ്ട്. വിവിധ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നതിനാല്‍ പൊതുഗതാഗതമടക്കം സ്തംഭിക്കും. എന്നാല്‍, മെട്രോ പതിവുപോലെ സര്‍വിസ് നടത്തും.
കാവേരി വിഷയത്തിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ബംഗളുരു നഗരത്തിൽ ബന്ദ് നടത്തിയിരുന്നു. വിവിധ കർഷക സംഘടനകളും ബിജെപി, ജെഡിഎസ്, ആം ആദ്മി പാർട്ടിതുടങ്ങിയ രാഷ്ട്രീയ കക്ഷികളും ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
സർക്കാർ പൊതുഗതാഗത സംവിധാനമായ ബിഎംടിസിയും കർണാടക ആർടിസിയും ബന്ദിന് പിന്തുണ നൽകിയതോടെ ബസ് സർവീസ് സ്തംഭിച്ചു. കർണാടക ഫിലിം ഇൻഡസ്ട്രിയുടെയും പിന്തുണയുള്ളതിനാൽ തിയേറ്ററുകൾ അടഞ്ഞുകിടന്നു. എന്നാൽ, നമ്മ മെട്രോ സർവിസുകൾ പതിവുപോലെ ഉണ്ടാകുമെന്ന് ബാംഗ്ലൂർ മെട്രോ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു. അവശ്യസേവനങ്ങളായ ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ഫാർമസികൾ, സർക്കാർ ഓഫിസുകൾ എന്നിവ തുറന്നുപ്രവർത്തിച്ചു.