പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ

0
54

മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ, സംഭവത്തില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അതീവ ഗൗരവത്തോടെയാണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും സിംഗ് പറഞ്ഞു. കേസ്, സിബിഐ സമഗ്രമായി അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കി ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കേസ് വളരെ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യേണ്ടത്. രാജ്യത്തെ നിയമമനുസരിച്ച് കുറ്റവാളികള്‍ക്കെതിരെ കേസെടുക്കണമെന്നും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കിയതായി ബിരേന്‍ സിംഗ് പറഞ്ഞു. .

സ്പെഷ്യല്‍ ഡയറക്ടര്‍ അജയ് ഭട്നാഗറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം ബുധനാഴ്ച്ച മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ എത്തി കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലം തിരിച്ചറിയുക, മൃതദേഹങ്ങള്‍ വീണ്ടെടുക്കുക, കുറ്റവാളികളെ കണ്ടെത്തുക എന്നിവയിലായിരിക്കും കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ശ്രദ്ധയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈയില്‍ തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന, ഫിജാം ഹേംജിത് (20), ഹിജാം ലിന്തോയിംബി (17) എന്നീ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ഫോട്ടോകള്‍ തിങ്കളാഴ്ച (സെപ്റ്റംബര്‍ 25) സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് വീണ്ടും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ഇംഫാല്‍ താഴ്വരയില്‍ രണ്ട് ദിവസമായി തുടരുന്ന പ്രതിഷേധത്തില്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകളും ലാത്തിയും ഉപയോഗിച്ച് പ്രതിഷേധക്കാരെ പ്രതിരോധിച്ചു. സംഘര്‍ഷത്തില്‍ 150 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here