കിണറ്റില്‍ ജഡം കണ്ടെത്തിയ സംഭവം മുങ്ങിമരണമെന്ന് റിപ്പോര്‍ട്ട്

0
90

വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്ത പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മർദ്ദനമേറ്റതിന്‍റെ സൂചനകൾ ഇല്ല. കൈ ഒടിയുകയും തലയുടെ ഇടത് ഭാഗത്ത് ചതവും ഉണ്ട്. ഇത് കിണറ്റിൽ വീണപ്പോൾ സംഭവിച്ചതാകാമെന്നാണ് നിഗമനം. വനം വകുപ്പ് സ്ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ചെന്ന് ആരോപിച്ചാണ് മത്തായിയെ വനം വകുപ്പ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇതിന് പിന്നാലെ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കകം സ്വന്തം ഫാമിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം.
ആരോപണ വിധേയരായ ഉദ്യോഗസ്ഥർ നിർബന്ധിത അവധിയിലാണ്. ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത നടപടികളിലെ ചട്ടലംഘനം സംബന്ധിച്ചുള്ള വിവരങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു. എന്ത് കുറ്റത്തിനാണ് മത്തായിയെ കസ്റ്റഡിയിലെടുക്കുന്നതെന്ന വിവരം ബന്ധുക്കളെയോ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളേയോ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നില്ല. കസ്റ്റഡിയിലെടുത്ത ശേഷം മത്തായിയെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചതുമില്ല. സ്റ്റേഷനിലെ ഔദ്യോഗിക രേഖയായ ജനറൽ ഡയറിയിൽ കസ്റ്റഡി വിവരം രേഖപ്പെടുത്തിയിട്ടില്ല. മത്തായിയുടെ മൊഴി രേഖപ്പെടുത്താതെയാണ് കുടപ്പന ഭാഗത്തേക്ക് തെളിവെടുപ്പിനായി കൊണ്ട് പോയത്. കസ്റ്റഡിയിലുള്ള ആളുടെ ജീവന് മതിയായ സംരക്ഷണം ഉറപ്പാക്കാതെ തെളിവെടുപ്പിന് എത്തിച്ചതിലും വീഴചയുണ്ടെന്നാണ് ആക്ഷേപം.
വനം വകുപ്പിന്‍റെ ക്യാമറ മോഷണം പോയത് സംബന്ധിച്ച് സിആർപിസി പ്രകാരമുള്ള കേസ് നടപടികൾ സ്വീകരിക്കാൻ ചിറ്റാർ പൊലീസ് സ്റ്റേഷനിൽ വനം വകുപ്പ് അപേക്ഷ നൽകിയിട്ടില്ല. മോഷണം സംബന്ധിച്ച് മഹസർ തയ്യാറാക്കുകയോ പ്രാഥമിക റിപ്പോർട്ട് കോടതിയിൽ നൽകുകയോ ഉണ്ടായിട്ടില്ല. മത്തായി മരിച്ചതിന് ശേഷം ഇന്നലെ ഉച്ചക്കാണ് ക്യാമറ മോഷണത്തിന് കേസ് എടുത്ത് റാന്നി കോടതിയിൽ മഹസറും റിപ്പോർട്ടും കൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here