നമ്മുടെ ദൈനംദിന ജീവിതത്തിൽ പാലും പാലുൽപ്പന്നങ്ങളും ഒരിക്കലും ഒഴിച്ചുകൂടാൻ സാധിക്കാത്ത ആഹാര പദാർത്ഥങ്ങളാണ്. കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും ആഹാരത്തിൽ പാലിന്റെ പ്രാധാന്യം ചെറുതല്ല. എന്നാൽ നമ്മൾ ദിവസവും കുടിക്കുന്നതും കുട്ടികൾക്ക് വിശ്വസിച്ച് കൊടുക്കുന്നതുമായ പാൽ കൃത്രിമമായി ഉണ്ടാക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത് .
വീഡിയോയിൽ ഒരു പാത്രത്തിൽ വെള്ളത്തിന് സമാനമായ ഒരു ദ്രാവകം ഒരാൾ ഒഴിക്കുന്നത് കാണാം. ശേഷം തവിട്ട് നിറത്തിലുള്ള ഒരു കുപ്പിയിൽ നിറച്ചിരിക്കുന്ന രാസവസ്തു എടുത്ത് അതിൽ ചേർത്ത് രണ്ടു മിശ്രിതങ്ങളും കൂടി സംയോജിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനുശേഷമുള്ള കാഴ്ചയാണ് വീഡിയോ കാണുന്നവരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്നത്. രണ്ടു പദാർത്ഥങ്ങളും കലർത്തിയശേഷം ഇത് പാലിനോട് സാമ്യമുള്ള ഒരു വെളുത്ത ദ്രാവകമായി മാറുകയാണ്. ഒരു കർഷകനിൽ നിന്ന് തന്നെ നേരിട്ട് പാൽ വാങ്ങുക എന്ന മുന്നറിയിപ്പോടുകൂടിയാണ് ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതിനോടകം തന്നെ വീഡിയോ 12.9 ദശലക്ഷം ആളുകൾ കാണുകയും 432,000 ത്തിൽ അധികം ലൈക്കുകളും നേടിയിട്ടുണ്ട്. കൂടാതെ ഈ അമ്പരപ്പിക്കുന്ന കാഴ്ച കണ്ട് നിരവധി ആളുകളും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ” എനിക്ക് മൂന്ന് എരുമകളും ഒരു പശുവും ഉണ്ട്, അതിനാൽ ഒരിക്കലും പാലിന് ക്ഷാമമില്ല. ഇത് നഗരത്തിലെ ആളുകൾക്ക് ഒരു പ്രശ്നമായി മാറും” എന്നാണ് ഒരു ഉപഭോക്താവ് പറഞ്ഞത്. എന്നാൽ തവിട്ട് നിറത്തിലുള്ള രാസവസ്തു വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എണ്ണ മാത്രമാണെന്ന് പറഞ്ഞ് ആശങ്ക ഒഴിവാക്കിക്കൊണ്ട് മറ്റൊരാളും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി ആളുകൾ തങ്ങളുടെ അഭിപ്രായങ്ങൾ വീഡിയോയ്ക്ക് താഴെ ഇപ്പോഴും പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം പാലിൽ കൃത്രിമം ചേർക്കുന്നതിന്റെയും കൃത്രിമമായി പാൽ നിർമ്മിക്കുന്നതിന്റെയുമേല്ലാം വീഡിയോ ഇതിനുമുൻപും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് സമാനരീതിയിൽ ഉള്ള ഒരു വീഡിയോ യൂട്യൂബിലും വൈറൽ ആയി മാറിയിരുന്നു. ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അണുനാശിനിയായ ഫിനൈൽ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം പാൽ ഉണ്ടാക്കാനായി ചേർക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ കാര്യങ്ങൾ 2019-ൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നടത്തിയ ഗവേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
കൂടാതെ 6,432 പാൽ സാമ്പിളുകൾ വിശകലനം ചെയ്തതിൽ 12 എണ്ണത്തിൽ മായം കലർന്നതാണെന്നും ഭക്ഷ്യ ഉപയോഗത്തിന് സുരക്ഷിതമല്ലെന്നും കണ്ടെത്തി. മാത്രമല്ല ഇതിന്റെ 77 സാമ്പിളുകളിൽ അനുവദനീയമായ പരിധിയിൽ കവിയുന്ന ആന്റിബയോട്ടികളുടെ സാന്നിധ്യവും തിരിച്ചറിഞ്ഞിട്ടുണ്ട്. ചില സാമ്പിളുകളിൽ ആകട്ടെ ഹൈഡ്രജൻ പെറോക്സൈഡ്, അഫ്ലാറ്റോക്സിൻ എം1, യൂറിയ, ന്യൂട്രലൈസറുകൾ, ഡിറ്റർജന്റ് തുടങ്ങിയ രാസവസ്തുക്കൾ കലർന്നതായും കണ്ടെത്തിയിട്ടുണ്ട്.