ലോക ഓസോൺ ദിനം |( International Day for the Preservation of the Ozone Layer 2021 ) സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്.
ഓസോൺ പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഈ ഉടമ്പടിയെ മോണ്‍ട്രിയല്‍ ഉടമ്പടി ( പ്രോട്ടോകോൾ ) എന്ന് വിളിക്കുന്നു. 1994 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഓസോൺ ദിനം ആചരിച്ചു തുടങ്ങിയത്.
കൈകോര്‍ക്കാം ഭൂമിയുടെ ഭാവിയ്ക്കായി…..
ഭൂമിയെയും സകല ജീവജാലങ്ങളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ഒരു രക്ഷാകവചമാണ് ഓസോൺ. സൂര്യനില്‍ നിന്നെത്തുന്ന ജീവന് ഭീഷണിയായ ചില രശ്മികളുണ്ട്. അവയില്‍നിന്നും നമ്മെ സംരക്ഷിച്ചുനിര്‍ത്തുന്ന കുടയായി ഓസോണ്‍പാളി പ്രവർത്തിക്കുന്നു. എന്തു വില നൽകിയും ഓസോൺപാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽക്കൂടി ലോകം പ്രതിജ്ഞ ചെയ്യുന്ന ദിവസവും കൂടിയാണിന്ന്.
എന്താണ് ഓസോൺ?
ഭൂമിയിൽനിന്ന് 20 മുതൽ 35 കിലോമീറ്റർ വരെ ഉയരത്തിലുള്ള വാതകപാളിയാണ് ഓസോൺ. ഭൂമിക്കുമീതേ കിടക്കുന്ന പുതപ്പാണിതെന്നു പറയാം. മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്നാണ് ഓസോൺ തന്മാത്ര (O3) ഉണ്ടാകുന്നത്. ജീവികൾക്കു നാശമുണ്ടാക്കാവുന്ന ധാരാളം രശ്മികൾ സൂര്യനിൽനിന്നു പുറപ്പെടുന്നുണ്ട്.
ഏറ്റവും പ്രധാനം അൾട്രാവയലറ്റ് കിരണങ്ങളാണ്. ഈ രശ്മികൾ പൂർണതോതിൽ ഭൂമിയിലെത്തിയാൽ ജീവികളിൽ മാരകരോഗങ്ങൾക്കു കാരണമാകും. സൂര്യനിൽനിന്നുള്ള അപകടകാരികളായ രശ്മികളെ ഭൂമിയിൽ പതിക്കാതെ വളരെ ഉയരത്തിൽവച്ചുതന്നെ തടയുകയാണ് ഓസോൺപാളി ചെയ്യുന്നത്.
മോണ്‍ട്രിയല്‍ ഉടമ്പടി
ഓസോണ്‍ ശോഷണം ബോധ്യപ്പെടുകയും അതിന്റെ അപകടം തിരിച്ചറിയുകയും ചെയ്തതോടെ 1987 സെപ്റ്റംബര്‍ 16 ന് കാനഡയിലെ മോണ്‍ട്രിയലില്‍വെച്ച് 24 ലോകരാഷ്ട്രങ്ങുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചു.
ഓസോണ്‍ പാളിക്ക് ദോഷംചെയ്യുന്ന രാസവസ്തുക്കളുടെ ഉത്പാദനം പടിപടിയായി കുറച്ചുകൊണ്ടുവരുന്നതിനുള്ള ഉടമ്പടിയായിരുന്നു അത്. മോണ്‍ട്രിയല്‍ ഉടമ്പടി എന്നാണത് അറിയപ്പെടുന്നത്. ഇതിന്റെ ഓര്‍മയ്ക്കാണ് സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനാചരണത്തിനായി തിരഞ്ഞെടുത്തത്. ഉടമ്പടി 1987-ല്‍ നിലവില്‍വന്നെങ്കിലും 1994-ല്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തിനുശേഷം 1995 മുതല്‍ക്കാണ് ലോകവ്യാപകമായി ഓസോണ്‍ദിനം ആചരിച്ചുവരുന്നത്.
ഓസോൺ
ഓക്സിജന്റെ മൂന്ന് അണുക്കളടങ്ങിയ താന്മാത്രാരൂപമാണ് ഓസോൺ. അന്തരീക്ഷത്തിൽ വ്യാപകമായി അടങ്ങിയിരിക്കുന്ന ഓക്സിജന്റെ തന്നെ ദ്വയാറ്റോമികതന്മാത്രയായ O2-നേക്കാൾ അസ്ഥിരമാണ് ഈ രൂപം. അന്തരീക്ഷത്തിന്റെ താഴ്ന്നനിലയിലുള്ള ഓസോൺ ജന്തുക്കളിലെ ശ്വസനവ്യവസ്ഥയ്ക്ക് ഹാനികരമായ വാതകമാണ്.
അന്തരീക്ഷത്തിന്റെ മുകൾതട്ടിൽ കാണപ്പെടുന്ന ഓസോൺ സൂര്യപ്രകാശത്തിലടങ്ങിയ അൾട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതിൽ നിന്ന് തടയുന്നു, ഭൂമിയിലെ ജീവജാലങ്ങൾക്ക് ദോഷം വരുത്തുന്ന വികിരണങ്ങളാൺ അൾട്രാവയലറ്റ്. ഓസോൺ നേരിയ അളവിൽ അന്തരീക്ഷത്തിന്റെ എല്ലാ ഭാഗത്തും അടങ്ങിയിരിക്കുന്നു.
ഓസോൺ പാളി
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ് ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു. ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ് അൾട്രാവയലറ്റ് രശ്മികൾ.
ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്.സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ് ഈ പാളിയുടെ സ്ഥാനം. ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം.
1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സൺ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കി, അദ്ദേഹം സ്പെക്ട്രോഫോമീറ്റർ വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാൻ സാധിക്കും.
1928 നും 1958 നും ഇടയിൽ അദ്ദേഹം ലോകവ്യാപകമായി ഓസോൺ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിക്കുകയുണ്ടായി. അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം തലയ്ക്ക് മീതെയുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ ഡോബ്സൺ യൂണിറ്റ് എന്നു വിളിക്കുന്നു. എല്ലാവർഷവും സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു.
ഓസോൺ പാളിയുടെ നാശം
ഓസോൺ പാളിയുടെ നാശനം ഇപ്പോൾ മനുഷ്യൻ നേരിടുന്ന ഒരു പ്രധാന വിപക്ക്ത്തായി മാറിയിരിക്കുകയാണ്. നൈട്രസ് ഓക്സൈഡ്(NO), നൈട്രിക് ഓക്സൈഡ്(N2O), ഹൈഡ്രോക്സിൽ(OH), അറ്റോമിക ക്ലോറിൻ(Cl), ബ്രോമിൻ(Br) എന്നിവ ഓസോൺ പാളിയുടെ നാശനത്തിനു കാരണമാകുന്നു.
മനുഷ്യ നിർമ്മിതങ്ങളായ ക്ലോറോഫ്ലൂറോ കാർബൺ(CFC), ബ്രോമോഫ്ലൂറോ കാർബൺ എന്നിവയാണ് ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്.അടുത്തായി ഹൈഡ്രോ ക്ലോറോഫ്ലൂറോ കാർബൺ ഇനത്തിൽ വരുന്ന വസ്തുക്കളും ഓസോൺ പാളിയുടെ നശീകരണത്തിനു കാരണമായി കണ്ടെത്തിയിട്ടുണ്ട്.