കൊല്ലത്ത് സുഹൃത്തുക്കൾ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ

0
65

കൊല്ലം: സുഹൃത്തുക്കളെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയത്തിൽ സ്നേഹ നഗർ കാവുങ്ങൽ പടിഞ്ഞാറ്റതിൽ ഉണ്ണിയെന്ന ഗിരികുമാർ (57), അയത്തിൽ ആരതി ജംഗ്ഷൻ സുരഭി നഗർ-171 കാവുംപണ വയലിൽ വീട്ടിൽ ചാക്കോ എന്ന അനിയൻകുഞ്ഞ് (56) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30ഓടെ അയത്തിൽ പുളിയത്തുമുക്ക് പവർ ഹൗസിനടുത്തുള്ള കരുത്തർ മഹാദേവർ ക്ഷേത്രക്കുളത്തിലാണ് അപകടമുണ്ടായത്.

ഇരുവരും കുളക്കരയിൽ സംസാരിച്ചിരിക്കുന്നതിനിടെ അനിയൻകുഞ്ഞ് കുളത്തിൽ വീഴുകയായിരുന്നു. ഗിരികുമാർ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പരിസരത്തെ വീട്ടിലെ സിസിടിവിയിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ അപകടവിവരം പുറത്തറിഞ്ഞത് വെള്ളിയാഴ്ച ഉച്ചയ്ക്കാണ്. വ്യാഴാഴ്ച രാത്രി എട്ടരയോടെ വീടുകളിൽനിന്നു പുറത്തുപോയ ഇവർ തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിവരികയായിരുന്നു. ബന്ധുക്കൾ വിളിച്ചപ്പോൾ അനിയൻകുഞ്ഞിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഗിരികുമാറിന്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ പൊങ്ങി.

ഇരവിപുരം എസ്ഐ എം അനീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കുന്നതിനിടെ അനിയൻകുഞ്ഞിന്റെ മൃതദേഹവും കുളത്തിൽ പൊങ്ങി. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here