സെപ്തംബർ മൂന്ന് ഇനിമുതൽ സനാതൻ ധർമ്മ ദിവസ്.

0
63

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ സനാതൻ വിഷയത്തിൽ നടത്തിയ പ്രസ്താവന ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംഘടനകളും വ്യക്തികളും രംഗത്തെത്തിയിരുന്നു. ഇതിനിടയിൽ ഒരുപടികൂടി കടന്ന് അമേരിക്കയിലെ ഒരു നഗരം സനാതൻ ധർമ്മ ദിവസത്തിൻ്റെ പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്. സെപ്റ്റംബർ 3 ‘സനാതൻ ധർമ്മ ദിവസ്’ ആയി പ്രഖ്യാപിച്ച് അമേരിക്കയിലെ ലൂയിസ്‌വില്ലെ (കെന്റക്കി) നഗരമാണ് രംഗത്തെത്തിയത്. നഗരത്തിലെ മേയർ സെപ്റ്റംബർ 3 സനാതൻ ധർമ്മ ദിവസായി പ്രഖ്യാപിച്ച് ഉത്തരവിറക്കുകയായിരുന്നു.

ലൂയിസ്‌വില്ലിലെ ഹിന്ദു ക്ഷേത്രത്തിലെ മഹാകുംഭ അഭിഷേക ഉത്സവ വേളയിലാണ് പ്രസ്തുത പ്രഖ്യാപനമുണ്ടായത്. മേയർ ക്രെയ്ഗ് ഗ്രീൻബെർഗിന് വേണ്ടി ഡെപ്യൂട്ടി മേയർ ബാർബറ സെക്സ്റ്റൺ സ്മിത്ത് സെപ്റ്റംബർ 3 സനാതന ധർമ്മ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചതായി യോഗത്തിൽ അറിയിക്കുകയായിരുന്നു.

ചടങ്ങിൽ പരമാർഥ് നികേതൻ അധ്യക്ഷൻ ഋഷികേശ് സ്വാമി ചിദാനന്ദ് സരസ്വതി, ശ്രീ ശ്രീ രവിശങ്കർ, സാധ്വി ഭഗവതി സരസ്വതി, ലെഫ്റ്റനന്റ് ഗവർണർ ജാക്വലിൻ കോൾമാൻ, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് കെയ്‌ഷ ഡോർസി തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.

ഉദയനിധിയടെ വിവാദ പ്രസ്താവന

തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ അടുത്തിടെ സനാതൻ നിർമ്മാർജ്ജന സമ്മേളനത്തിൽ പങ്കെടുത്തു നടത്തിയ പ്രസ്താവനയാണ് വിവാദമായത്. “സനാതനത്തെ എതിർക്കരുത്. മറിച്ച്, അത് ഇല്ലാതാക്കുകയാണ് വേണ്ടത്. സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്. ചില കാര്യങ്ങളെ നമുക്ക്  എതിർക്കാനാവില്ല. ഇല്ലാതാക്കാനേ കഴിയൂ. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല. അപകം അവയെ നമ്മൾ ഇല്ലായ്മ ചെയ്യണം. അതുപോലെ സനാതനത്തെയും നശിപ്പിക്കണം.´´- ഇത്തരത്തിലായിലരുന്നു ഉദയനിധി പ്രസ്താവന നടത്തിയത്.

“എന്താണ് സനാതൻ? ഈ വാക്ക് സംസ്കൃതത്തിൽ നിന്നാണ് വന്നത്. സനാതൻ സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണ്. സനാതൻ എന്ന വാക്കിന്റെ അർത്ഥമെന്താണ്? അത് ശാശ്വതം എന്നാണ്. അതായത് അത് മാറ്റാൻ കഴിയില്ല എന്ന്.  ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്തത് എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്´- ഉദയനിധി പറഞ്ഞു. സനാതൻ ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിച്ചുവെന്നും  അദ്ദേഹം ആരോപിച്ചു.

ബിജെപി ലക്ഷ്യമിടുന്നത് `ഇന്ത്യ´ സഖ്യത്തെ

ഉദയനിധിയുടെ പ്രസ്താവനയ്ക്കു പിന്നാലെ ഇന്ത്യൻ സഖ്യത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ സഖ്യത്തിലെ പാർട്ടികൾ വോട്ട് ബാങ്കിനും പ്രീണന രാഷ്ട്രീയത്തിനും വേണ്ടി സനാതൻ ധർമ്മത്തെ അപമാനിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകൻ ഉൾപ്പെടെയുള്ള ഡിഎംകെ നേതാക്കൾ സനാതന ധർമ്മം നിർത്തലാക്കണമെന്നാണ് പറയുന്നതെന്നും ഷാ പറഞ്ഞു. റാലിയെ അഭിസംബോധന ചെയ്യാൻ അമിത് ഷാ രാജസ്ഥാനിൽ എത്തിയതിനു പിന്നാലെയാണ് ഇന്ത്യ സഖ്യത്തെ അദ്ദേഹം വിമർശിച്ച് രംഗത്തെത്തിയത്. വോട്ട് ബാങ്കിനും പ്രീണന രാഷ്ട്രീയത്തിനും വേണ്ടിയാണ് ഇക്കൂട്ടർ സനാതന ധർമ്മം ഇല്ലാതാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നമ്മുടെ സംസ്കാരവും നമ്മുടെ ചരിത്രവും സനാതന ധർമ്മവും ഇവിടെ അപമാനിക്കപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here