കാനഡയിൽ ഹിന്ദു ക്ഷേത്രം തകർത്തു; കൊല്ലപ്പെട്ട ഖാലിസ്ഥാൻ നേതാവിന്റെ പോസ്‌റ്ററുകളും പതിച്ചു

0
91

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഹിന്ദു ക്ഷേത്രത്തിനെതിരെ ആക്രമം അഴിച്ചുവിട്ട് ഖാലിസ്ഥാൻ അനുകൂലികൾ. ക്ഷേത്രത്തിന്റെ പ്രധാന വാതിലിൽ ഖാലിസ്ഥാൻ അനുകൂല പോസ്‌റ്ററുകളും അക്രമികൾ പതിപ്പിച്ചു. “ജൂൺ 18ലെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് കാനഡ അന്വേഷിക്കണം” എന്നാണ് പോസ്‌റ്ററിൽ എഴുതിയിരിക്കുന്നത്. കൊല്ലപ്പെട്ട ഹർദീപ് സിംഗ് നിജ്ജാറിന്റെ ഫോട്ടോയും അതിനൊപ്പം ഉണ്ടായിരുന്നു.

കാനഡയിലെ സറേയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാര സാഹിബിന്റെ തലവനായിരുന്നു ഹർദീപ് സിംഗ് നിജ്ജാർ. ജൂൺ 18ന് വൈകിട്ട് ഗുരുദ്വാരയുടെ പരിസരത്ത് വെച്ച് രണ്ട് അജ്ഞാതർ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. വിഘടനവാദി സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ (കെടിഎഫ്) തലവനായിരുന്നു നിജ്ജാർ.

ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണ് ഇന്നലെ ആക്രമണം നേരിട്ട സറേയിലെ ലക്ഷ്‌മി നാരായൺ മന്ദിർ. കാനഡയിൽ ഈ വർഷം മൂന്നാമത്തെ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടാവുന്നത്.

ജനുവരി 31ന് കാനഡയിലെ ബ്രാംപ്ടണിലെ ഒരു പ്രമുഖ ഹിന്ദു ക്ഷേത്രത്തിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ പതിപ്പിച്ചിരുന്നു. ഈ നടപടി ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ രോഷത്തിന് ഇടയാക്കിയിരുന്നു. ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ സംഭവത്തെ അപലപിച്ചിരുന്നു.

ഈ വർഷം ഏപ്രിലിൽ കാനഡയിലെ ഒന്റാറിയോയിലെ മറ്റൊരു ഹിന്ദു ക്ഷേത്രത്തിലും ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഹിന്ദു ക്ഷേത്രത്തിന്റെ ചുവരുകളിൽ രണ്ട് പേർ പെയിന്റ് സ്‌പ്രേ ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വിൻഡ്‌സർ പോലീസ് പുറത്തുവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here