പീരുമേട് പട്ടുമലയില്‍ കൊവിഡ് രോഗിയുടെ തലയില്‍ കൈവച്ച് പ്രാര്‍ഥിച്ച പാസ്റ്റര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വീട് കയറിയിറങ്ങിയ പാസ്റ്റര്‍ക്ക് രോഗം കണ്ടെത്തിയതോടെ പീരുമേട്ടില്‍ ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി.പാന്പനാര്‍ പട്ടുമല സ്വദേശിയായ പാസ്റ്ററെ ആശുപത്രിയിലേക്ക് മാറ്റി.
200 ല്‍ അധികം വീടുകള്‍ ഇയാള്‍ സന്ദര്‍ശിച്ചതായാണ് ഡി.എം.ഒ നല്‍കുന്ന വിവരം. പ്രദേശവാസിക്ക് രോഗം കണ്ടെത്തിയതോടെ ഈ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കിയെങ്കിലും പാസ്റ്റര്‍ മേഖലയിലെ വീടുകളില്‍ കയറിയിറങ്ങി പ്രാര്‍ഥന നടത്തുകയായിരുന്നു. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പാസ്റ്ററെ പൊലിസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് പീരുമേട്ടിലെ ക്വാറന്‍റ്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പിന്നാലെയാണ് പരിശോധനാഫലം പോസിറ്റീവായത്.
കൊവിഡ് ബാധിച്ച സഹോദരനെ സന്ദര്‍ശിച്ച ശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളിയായ വീട്ടമ്മയുടെ പാന്പനാറിലെ വീട്ടിലെത്തിയാണ് പാസ്റ്റര്‍ പ്രാര്‍ഥന നടത്തിയത്. പ്രദേശവാസികള്‍ വിലക്കിയെങ്കിലും ഇത് മുഖവിലക്കെടുക്കാതെ ഇയാള്‍ വീട്ടില്‍ പ്രവേശിക്കുകയായിരുന്നു. താന്‍ നിരീക്ഷണത്തിലാണെന്ന് വീട്ടമ്മ പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല.
നേരത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഭവന സന്ദര്‍ശനം നടത്തിയതിന് ഇയാളില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കിയിരുന്നു. തുടര്‍ന്ന് പെന്തക്കോസ്ത് വിഭാഗത്തില്‍പ്പെട്ട പാസ്റ്ററെ സഭ നടപടിയെടുത്ത് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.പാസ്റ്ററുടെ സന്പര്‍ക്ക ലിസ്റ്റ് തയാറാക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. അതേസമയം, ഉപ്പുതറയില്‍ സമ്ബര്‍ക്കത്തെ തുടര്‍ന്ന് ഒരു പള്ളിയിലെ വൈദികനും കപ്യാര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.