ഏറ്റവും മികച്ച കലാസംവിധാനത്തിനുള്ള ദേശീയ അവാർഡ് നാലു തവണ നേടിയ വിഖ്യാത കലാസംവിധായകൻ നിതിൻ ദേശായ് ജീവനൊടുക്കിയ നിലയിൽ. 58 വയസായിരുന്നു. ആമിർ ഖാൻ നായകനായ പ്രശസ്ത ബോളിവുഡ് ചിത്രം ‘ലഗാൻ’ ഉൾപ്പെടെ നിരവധി സിനിമകൾക്ക് അദ്ദേഹം കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഹം ദിൽ ദേ ചുകേ സനം, ബാജിറാവ് മസ്താനി, ലഗാൻ , ദേവദാസ് തുടങ്ങി ഒട്ടേറെ വമ്പൻ സിനിമകളുടെ പ്രൊഡക്ഷൻ ഡിസൈനർ കൂടിയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലെ കർജാത്തിലുള്ള നിതിൻ ദേശായിയുടെ സ്റ്റുഡിയോയിൽ വെച്ചാണ് അദ്ദേഹത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പ്രശസ്തമായ എൻഡി സ്റ്റുഡിയോയുടെ ഉടമ കൂടിയാണ് നിതിൻ ദേശായി. മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിതിൻ ദേശായിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
20 വർഷം നീണ്ട തന്റെ കരിയറിൽ, അശുതോഷ് ഗോവാരിക്കർ, വിധു വിനോദ് ചോപ്ര, രാജ്കുമാർ ഹിരാനി, സഞ്ജയ് ലീല ബൻസാലി തുടങ്ങിയ പരിചയസമ്പന്നരായ സംവിധായകർക്കൊപ്പം നിതിൻ ദേശായി പ്രവർത്തിച്ചിട്ടുണ്ട്. 1987 ൽ തമസ് എന്ന ടെലിവിഷൻ സീരിയലിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായാണ് ദേശായി തന്റെ കരിയർ ആരംഭിച്ചത്. 1942 ൽ പുറത്തിറങ്ങിയ എ ലവ് സ്റ്റോറി, 2002 ൽ പുറത്തിറങ്ങിയ ദേവദാസ്, 2006 ൽ റീലിസ് ചെയ്ത ലഗേ രഹോ മുന്ന ഭായ് 2010 ൽ പുറത്തിറങ്ങിയ വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ തുടങ്ങിയ പ്രശസ്ത ബോളിവുഡ് ചിത്രങ്ങൾക്ക് കലാസംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു.