പത്ത് വർഷം മുൻപ് മരിച്ച മധ്യപ്രദേശിലെ സർക്കാർ സ്‌കൂൾ അധ്യാപികയ്ക്ക് ഏഴു കോടി രൂപയുടെ ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. പത്ഖേഡ ഗ്രാമത്തിലെ സ്‌കൂളിൽ അധ്യാപികയായിരുന്ന ഉഷ സോണിയ്ക്കാണ് നോട്ടിസ്. എന്നാൽ ഉഷ സോണി 2013ൽ മരിച്ചതാണ്. ജൂലൈ 26നാണ് ഉഷ സോണിയുടെ കുടുംബത്തിന് ആദായ നികുതി വകുപ്പിൽനിന്ന് നോട്ടിസ് ലഭിച്ചത്. നികുതി കുടിശ്ശികയായ 7.55 കോടി അടയ്ക്കാൻ നിർദേശിച്ചാണ് നോട്ടിസ്. 2017-18 മൂല്യനിർണയ വർഷത്തേതാണ് നോട്ടിസ്.
ഗോത്രവർഗക്കാർ കൂടുതലുള്ള ബെതുൽ ജില്ലയിലെ 44 പേർക്കും ഒരു കോടി മുതൽ 10 കോടി രൂപ വരെയുള്ള നോട്ടിസ് ലഭിച്ചിട്ടുണ്ട്. പാൻ ദുരുപയോഗം സംബന്ധിച്ച് ഇതുവരെ രണ്ട് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ബെതുൽ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് ചൗധരി പറഞ്ഞു. ഇരുമ്പ് കമ്പികൾ വിൽക്കുന്ന കടയിൽ ജോലി ചെയ്യുന്ന നിതിൻ ജെയിൻ എന്നയാൾക്ക് ആദായനികുതി വകുപ്പിൽനിന്ന് 1.26 കോടി രൂപയുടെ നോട്ടിസ് ലഭിച്ചിരുന്നു.
ആദായ നികുതി ഓഫിസിൽ ചെന്നപ്പോൾ തമിഴ്‌നാട്ടിലെ കുറ്റാലത്ത് അദ്ദേഹത്തിന്റെ പേരിൽ അക്കൗണ്ട് ഉണ്ടെന്ന് കണ്ടെത്തി. ‘‘2014-15ൽ എന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും നിരവധി വലിയ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അതിനാലാണ് എനിക്ക് 1.26 കോടി രൂപയുടെ നോട്ടിസ് അയച്ചതെന്നും പറഞ്ഞു. ഞാൻ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്’’– ജെയിൻ പറഞ്ഞു.