കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം ഇന്ന്

0
69

ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം ഇന്ന് കുറിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് 12 മണിക്ക് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനാരംഭം നിർവഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കിൽ അറിയിച്ചു.

33 വര്‍ഷം മുന്‍പാണ് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത് രാജ്യത്തെ ആദ്യത്തെ ടെക്നോപാര്‍ക്ക് കേരളത്തിൽ സ്ഥാപിച്ചത്. രണ്ട് വര്‍ഷം മുന്‍പ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് തുടക്കം കുറിച്ചും ഐ ടി മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിനാകെ മാതൃകയായിരുന്നു.

ഈ യൂണിവേഴ്‌സിറ്റിയോട് ചേർന്നാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് യാഥാർത്ഥ്യമാവുന്നത്. ലോകമെമ്പാടും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരാകട്ടെ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കേരളത്തിന്റെ സമഗ്രമായ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ്.

ഏകദേശം 1,515 കോടി രൂപയാണ് ഈ പാര്‍ക്കുമായി ബന്ധപ്പെട്ടു പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപം. ഇതിന്റെ തറലക്കല്ലിടല്‍ നടന്നത് ഇക്കഴിഞ്ഞ ഏപ്രില്‍ 25 നാണ്. കേവലം 3 മാസത്തിനുള്ളില്‍ തന്നെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനുവേണ്ട പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനും അതിന്റെ പ്രവര്‍ത്തനം ആരംഭിക്കാനും കഴിഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ കുതിപ്പും അടിസ്ഥാന സൗകര്യ രംഗത്തുണ്ടായ സമൂല മാറ്റങ്ങളും കേരളത്തിന്റെ വളർച്ചയ്ക്ക് കരുത്തേകും. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ് ഈ ഡിജിറ്റൽ സയൻസ് പാർപാർക്കെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കിൽ കുറിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here