എല്ലാ വര്‍ഷവും ജൂലൈ 22 ലോക മസ്തിഷ്ക ദിനം (World Brain Day 2022) ആയാണ് ആചരിക്കുന്നത്. മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തെക്കുറിച്ചും നാഡീ വൈകല്യങ്ങളെക്കുറിച്ചും അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ലോക മസ്തിഷ്ക ദിനം ആചരിക്കുന്നത്. പ്രതിരോധം, ചികിത്സ, ഗവേഷണം എന്നിവയുള്‍പ്പെടെ തലച്ചോറുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള അറിവ് പ്രോത്സാഹിപ്പിക്കുന്നതിനായി വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ന്യൂറോളജി (WFN) ആണ് ഈ ദിനാചരണം ആരംഭിച്ചത്.
‘മസ്തിഷ്ക ആരോഗ്യവും വൈകല്യങ്ങളും: ആരും അവഗണിക്കപ്പെടരുത്’ എന്നതാണ് 2023 ലെ ലോക മസ്തിഷ്‌ക ദിനത്തിന്റെ പ്രമേയം. പൊതുജനങ്ങള്‍ക്കിടയില്‍ മസ്തിഷ്‌ക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വൈകല്യങ്ങളെക്കുറിച്ചും അവബോധം വളര്‍ത്താനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ലോക മസ്തിഷ്‌ക ദിനത്തിന്റെ ചരിത്രം
1957 ജൂലൈ 22-ന് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ന്യൂറോളജി (WFN) സ്ഥാപിതമായതോടെയാണ് ലോക മസ്തിഷ്ക ദിനം എന്ന ആശയം മുന്നോട്ട് വന്നത്. 2013 സെപ്തംബര്‍ 22-ന് നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് ന്യൂറോളജി (WCN) കൗണ്‍സില്‍ ഓഫ് പാര്‍ട്ടിസിപ്പന്റ്‌സ് മീറ്റിംഗിലാണ് ‘വേള്‍ഡ് ബ്രെയിന്‍ ഡേ’ എന്ന ആശയം നിര്‍ദ്ദേശിക്കപ്പെട്ടത്. പങ്കെടുത്ത എല്ലാവരും ഈ നിര്‍ദേശത്തെ സ്വീകരിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന്, 2014 ഫെബ്രുവരിയിലെ അവരുടെ മീറ്റിംഗില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഈ ആശയത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കി. തുടര്‍ന്ന് എല്ലാ വര്‍ഷവും ജൂലൈ 22 ലോക മസ്തിഷ്‌ക ദിനമായി ആചരിക്കാന്‍ തുടങ്ങി.
മസ്തിഷ്‌ക ആരോഗ്യത്തിന്റെ പ്രാധാന്യം
ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ മസ്തിഷ്‌കം വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. അതിനാല്‍ തന്നെ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നമ്മുടെ ചിന്തകള്‍, വികാരങ്ങള്‍, ചലനങ്ങള്‍, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നത് മസ്തിഷ്‌കമാണ്. അതിനാല്‍ തന്നെ, മസ്തിഷ്‌കത്തില്‍ ഉണ്ടാകുന്ന ഏതൊരു തകരാറും വ്യക്തികളിലും സമൂഹത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.