ജമ്മു കശ്മീരിൽ പ്രധാനമന്ത്രിയുടെ ആവാസ് യോജന (പിഎംഎവൈ) പ്രകാരം പുറത്തുനിന്നുള്ള ആർക്കും ഭൂമി നൽകുന്നില്ലെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഡാക് ബംഗ്ലാവിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പി.എം.എ.വൈ.ക്ക് അർഹതയുണ്ടെന്ന് കാണിച്ച് പലരും തന്റെ അടുത്ത് വന്നിരുന്നുവെന്നും, പുറത്തു നിന്നുള്ളവർക്ക് ഭൂമി നൽകുന്നുവെന്ന് പറഞ്ഞ് ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മനോജ് സിൻഹ പറഞ്ഞു.
“അവലോകനം നടത്തി അർഹതയുള്ള കുടുംബങ്ങൾക്ക് പിഎംഎവൈ പ്രകാരം 5 മൽരാസ് ഭൂമി നൽകാൻ തീരുമാനിച്ചു, അതുവഴി അവർക്ക് സ്വന്തമായി വീട് നിർമ്മിക്കാൻ കഴിയും. ഭവനരഹിതരായ കുടുംബങ്ങൾക്കായി ഇതുവരെ 1,99,500 വീടുകൾ അനുവദിച്ചു. പദ്ധതിക്ക് അർഹതയുള്ള 46,000 എസ്‌സി, എസ്ടി വിഭാഗത്തിലുള്ള കുടുംബങ്ങളും ഭൂമിയില്ലാത്ത 2,711 കുടുംബങ്ങളും ഇതിൽ ഉൾപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.
എന്നാൽ “നിർഭാഗ്യവശാൽ, ഭൂമി പുറത്തുനിന്നുള്ളവർക്ക് നൽകുന്നുവെന്ന് അവകാശപ്പെട്ട് ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. പുറത്തുനിന്നുള്ള ആർക്കും ജമ്മു കശ്മീരിൽ ഭൂമി നൽകുന്നില്ലെന്നും മനോജ് സിൻഹ പറഞ്ഞു.
ശനിയാഴ്ച ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ബാരാമുള്ളയിലെ മഖ്ബൂൽ ഷെർവാണി ഹാളിൽ 100 പേർക്ക് ഇരിക്കാവുന്ന മൾട്ടി പർപ്പസ് സിനിമാ ഹാളും ഉദ്ഘാടനം ചെയ്തു. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാരാമുള്ളയ്ക്ക് 100 പേർക്ക് ഇരിക്കാവുന്ന സിനിമാ ഹാൾ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.