ഡല്‍ഹി ഓള്‍ഡ് റെയില്‍വേ പാലത്തില്‍ യമുനാ നദിയുടെ ഒഴുക്ക് കുറയുന്നു. ജലനിരപ്പ് 207.62 മീറ്ററായി രേഖപ്പെടുത്തി, ഇപ്പോഴും അപകട നിലയ്ക്ക് മുകളില്‍ തുടരുകയാണ്. ഇന്ന് രാവിലെ എട്ടിന് യമുനയിലെ ജലനിരപ്പ് 207.58 മീറ്ററായി രേഖപ്പെടുത്തി. ഈ ആഴ്ച ആദ്യം യമുനയിലെ ജലനിരപ്പ് എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. ഇതേതുടര്‍ന്ന് ഡല്‍ഹിയിലെ നിരവധി പ്രധാന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഡല്‍ഹിയിലെ യമുന നദിയിലെ ജലനിരപ്പ് മൂന്ന് ദിവസം മുമ്പ് 45 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടന്നിരുന്നു.
വെള്ളിയാഴ്ച രാത്രി 11 മണിയ്ക്ക് യമുനയിലെ ജലനിരപ്പ് 207.98 മീറ്ററായി രേഖപ്പെടുത്തി. യമുനയിലെ ജലനിരപ്പ് കുറഞ്ഞതോടെ അടച്ചിട്ടിരുന്ന ഒഖ്ല ജലശുദ്ധീകരണ പ്ലാന്റ് തുറന്നു. യമുന നദി കരകവിഞ്ഞൊഴുകുന്നതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകുകയും സമീപ പ്രദേശങ്ങളിലെ റോഡുകള്‍ അടക്കുകയും ചെയ്തിരുന്നു.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ശ്മശാനങ്ങളും ജലശുദ്ധീകരണ പ്ലാന്റുകളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ശനിയാഴ്ച രാവിലെയോടെ യമുന നദിയിലെ ജലനിരപ്പ് 207.7 മീറ്ററായി കുറഞ്ഞാല്‍ വസീറാബാദിലെയും ചന്ദ്രവാളിലെയും മറ്റ് രണ്ട് ജലശുദ്ധീകരണ പ്ലാന്റുകളും ഉടന്‍ പുനരാരംഭിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്
കെജ്‌രിവാള്‍ പറഞ്ഞു.