ഒന്നാം ടെസ്‌റ്റിൽ വിൻഡീസിനെ കേവലം 150 റൺസിന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിങിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും അരങ്ങേറ്റക്കാരൻ യശസ്വി ജയ്‌സ്വാളിന്റെയും ബാറ്റിംഗ് മികവിൽ വിക്കറ്റ് നഷ്‌ടം കൂടാതെ 80 റൺസ് എന്ന നിലയിൽ ആദ്യം ദിനം ബാറ്റിംഗ് അവസാനിപ്പിച്ചു.
ഇലവനിലേക്ക് തിരിച്ചെത്തിയ വെറ്ററൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിനാണ് വെസ്‌റ്റ് ഇൻഡീസ് താരങ്ങളെ വെള്ളം കുടിപ്പിച്ചത്. തന്റെ കരിയറിലെ മുപ്പത്തിമൂന്നാമത് അഞ്ച് വിക്കറ്റ് പ്രകടനവുമായി അശ്വിൻ കളം നിറഞ്ഞപ്പോൾ വിൻഡീസ് ബാറ്റർമാർക്ക് നിലം തൊടാനായില്ല. 60 റൺസ് മാത്രം വഴങ്ങിയാണ് അശ്വിൻ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. കരിയറിലെ എഴുന്നൂറാം അന്താരാഷ്ട്ര വിക്കറ്റും മത്സരത്തിലൂടെ അശ്വിൻ സ്വന്തമാക്കി.
അതേസമയം, ആദ്യ മത്സരത്തിന് ഇറങ്ങിയ ജയ്‌സ്വാൾ കരുതലോടെയാണ് ബാറ്റിംഗ് തുടങ്ങിയത്. പരിചയ സമ്പന്നരായ കേമർ റോച്ചും, ജേസൺ ഹോൾഡറും അടങ്ങുന്ന വിൻഡീസ് ബൗളിംഗ് നിരയെ ചെറുതായി കാണാൻ താരം ഒരുങ്ങിയില്ല. എന്നാൽ പിന്നീട് തന്റെ സ്വത സിദ്ധമായ ശൈലിയിൽ തന്നെ ജയ്‌സ്വാൾ ബാറ്റ് വീശി. 73 പന്തിൽ 40 റൺസുമായി ജയ്‌സ്വാളും, 65 പന്തിൽ 30 റൺസുമായി രോഹിത് ശർമ്മയുമാണ് ക്രീസിലുള്ളത്.
വിൻഡീസ് നിരയിൽ 47 റൺസെടുത്ത അത്തനാസെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓപ്പണർമാരായ ക്രൈഗ് ബ്രാത്ത്വൈയ്റ്റും, ടാഗനറൈൻ ചന്ദർപോളും മികച്ച തുടക്കമാണ് അവർക്ക് നൽകിയത്. എന്നാൽ വലിയ ഇന്നിംഗ്‌സായി മാറും മുൻപേ അശ്വിൻ രണ്ട് പേരെയും പുറത്താക്കി ഇന്ത്യയ്ക്ക് മുൻതൂക്കം നൽകി. പിന്നീട് അത്തനാസെ മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാൻ ശ്രമിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി അശ്വിന് പുറമെ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി.