ഒറ്റയ്ക്കും അല്ലാതെയും യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് സ്ത്രീകളിൽ ഭൂരിപക്ഷവും. എന്നാൽ പലപ്പോഴും ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ അവർക്ക് സാധിക്കാറില്ല. അതിന് കാരണങ്ങൾ പലതാണ്. യാത്ര സൗകര്യം, താമസം, ഭക്ഷണം,സുരക്ഷിതത്വം തുടങ്ങി സ്ത്രീകളെ യാത്രയിൽ നിന്ന് പിന്നോട്ട് വലിക്കുന്ന നിരവധി പ്രതിസന്ധികളുണ്ട്. എന്നാൽ അവയൊക്കെ തരണം ചെയ്യാൻ വിനോദ സഞ്ചാര മേഖയിൽ സ്ത്രീ സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് കേരള സർക്കാർ. യാത്രകൾ സുഗമവും സുരക്ഷിതവുമാക്കാൻ ഉത്തരാവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ സ്ത്രീ സൗഹൃദ ടൂറിസം ആപ്പ് വികസിപ്പിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്.
യു.എന്‍ വിമനുമായി ചേർന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ സമ്പൂർണ സ്ത്രീ സൗഹാർദ്ധമാക്കുക എന്ന ലക്ഷ്യത്തിൽ 2022 ഒക്ടോബർ മുതൽ സർക്കാർ ആരംഭിച്ച ബൃഹത് പദ്ധതിയുടെ ഭാഗമായാണ് ആപ്പ് വികസിപ്പിക്കുന്നത്. ഉല്ലാസ യാത്രയ്ക്കായി കേരളത്തിലെത്തുന്നവർക്ക് വിരൽത്തുമ്പിൽ വിവരങ്ങൾ ലഭിക്കുന്ന വിധത്തിലാണ് ആപ്പ് രൂപകൽപന ചെയ്യുന്നത്. സ്ത്രീ സൗഹൃദ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, പാക്കേജുകള്‍, അംഗീകൃത വനിത ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ഹൗസ്‌ബോട്ടുകള്‍, ക്യാമ്പിങ് സൈറ്റുകള്‍, കാരവന്‍ പാര്‍ക്കുകള്‍, ഭക്ഷണശാലകള്‍,സ്ഥലങ്ങളുടെ ചിത്രങ്ങൾ ഹെല്‍പ്പ്‌ലൈന്‍ സംവിധാനങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ആപ്പില്‍ ഉള്‍കൊള്ളിക്കും.
ആപ്പ് സജീവമാകുന്നതോടെ വിനോദ സഞ്ചാരത്തിനായി സംസ്ഥാനത്ത് എത്തുന്ന സ്ത്രീകൾക്ക് സഹായകമായി യാത്രയുടെ തുടക്കം മുതൽ അവസാനം വരെയുള്ള എല്ലാ ഘട്ടങ്ങളും വനിതകൾ നിയന്ത്രിക്കുന്ന രീതിയിലേക്ക് മാറും. ഇതിനായി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗസ്റ്റ് മാനേജ്‌മന്റ്, ഹോം സ്റ്റേ, ഹൈജീൻ, ട്രാവൽ ഉൾപ്പെടെയുള്ള വിവിധ മേഖലയിൽ വനിതകൾക്ക് സൗജന്യ പരിശീലനം നൽകി അവരെ ഈ മേഖലയിൽ പ്രൊഫൊഷണലുകളാക്കി മാറ്റും.
നിലവിൽ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തികൾ ആരംഭിച്ചതായും, തിരഞ്ഞെടുക്കപ്പെട്ട വിവിധ സംഘങ്ങളുടെ നേതൃത്വത്തിൽ സ്ത്രീ സൗഹാർദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി, അവയുടെ സുരക്ഷാ ഓഡിറ്റ് നടത്തി വരികയാണെന്നും ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോർഡിനേറ്റർ രൂപേഷ് കുമാർ ഇന്ത്യാ ടോഡയോട് പറഞ്ഞു. ആറു മാസത്തിനുള്ളിൽ ആപ്പ് പുറത്തിറക്കും. പദ്ധതിക്ക് യു.എന്‍ വിമന്‍ ഉള്‍പ്പടെയുള്ള സംഘടനകളുടെ പിന്തുണയുണ്ട്.