കൊല്ലം: പുത്തൂര്‍ ശ്രീനാരായണ ആയുര്‍വേദിക് സ്റ്റഡീസ് ആൻഡ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ പുതിയ അന്താരാഷ്ട്ര പഠന ഗവേഷണകേന്ദ്രം ഉദ്ഘാടനത്തിന് ഒരുങ്ങി.
നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് ലോക ചരിത്രത്തില്‍ ആദ്യമായി സസ്യങ്ങളിലെ ഔഷധ ഗുണങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ പങ്കാളിയായ കേരളീയനായ പാരമ്ബര്യ ആയുര്‍വേദ വൈദ്യൻ ഇട്ടി അച്യുതന്റെ സ്മരണാര്‍ത്ഥം ഇട്ടി അച്യുതൻ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആൻഡ് റിസര്‍ച്ച് ഓണ്‍ ആയുര്‍വേദ എന്നാണ് പഠനകേന്ദ്രത്തിന് പേര് നല്‍കിയിരിക്കുന്നത്.
ബിരുദാനന്തര ബിരുദത്തിന് ശേഷമുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി ആയുര്‍വേദ കോഴ്‌സുകളില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് ശ്രീനാരായണ ഹെല്‍ത്ത് കെയര്‍ സൊസൈറ്റി ചെയര്‍മാൻ പ്രൊഫ. കെ.ശശികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുര്‍വേദിക് സ്റ്റഡീസ് ആൻഡ് റിസര്‍ച്ചില്‍ ബി.എ.എം.എസ് ബിരുദ കോഴ്സും എം.ഡി (കായ ചികിത്സ), എം.എസ് (ശല്യതന്ത്ര) എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളും നടത്തിവരുന്നു. ഇതോടനുബന്ധിച്ചുള്ള എൻ.എ.ബി.എച്ച് അംഗീകാരമുള്ള ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ 150 കിടക്കകളുണ്ട്. ആയുര്‍മിത്ര എക്കോ വെല്‍നെസ് റിസോര്‍ട്ടും ഇവിടെ പ്രവര്‍ത്തിക്കുന്നു.
പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി.ആനന്ദബോസ് നിര്‍വഹിക്കും. പ്രൊഫ. കെ.ശശികുമാര്‍ അദ്ധ്യക്ഷനാക്കും. ഇട്ടി അച്യുതന്റെ പുതുതലമുറയിലെ കുടുംബാംഗങ്ങളെ ആദരിക്കും. പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, പഞ്ചായത്തംഗം എസ്.ഗീത എന്നിവര്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ സൊസൈറ്റി സെക്രട്ടറി എം.എല്‍.അനിധരൻ, എ.സതീശൻ എന്നിവരും പങ്കെടുത്തു.