15 കിലോമീറ്റർ നടന്നാൽ കേരളത്തിൽ; അരിക്കൊമ്പൻ നിലവിൽ കീഴ്‌കോതയാറിൽ.

0
58

ചെന്നൈ: കോതയാർ വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ നിലവിൽ കേരള അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെയെന്ന് വനം വകുപ്പ്. ഒരു ദിവസം നാല് കിലോമീറ്ററിനുള്ളിലാണ് അരിക്കൊമ്പൻ ചുറ്റിക്കറങ്ങുന്നത്. കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്ന ആന കീഴ്കോതയാർ ചിന്നക്കുറ്റിയാർ പ്രദേശത്താണ് ഇപ്പോഴുള്ളത്. നെയ്യാർ വനമേഖലയോട് ചേർന്ന പ്രദേശമാണ് ഇത്. 15 കിലോമീറ്റർ സഞ്ചരിച്ചാൽ അരിക്കൊമ്പന് നെയ്യാർ വനമേഖലയിലേക്ക് എത്താനാകും. എന്നാൽ നിലവിലെ ആരോഗ്യവാസ്ഥയിൽ നീണ്ടയാത്രയ്ക്ക് അരിക്കൊമ്പൻ തയ്യാറാകില്ലെന്നാണ് നിഗമനം.

പഴയതുപോലെ അധികദൂരം സഞ്ചരിക്കാൻ അരിക്കൊമ്പന് കഴിയുന്നില്ലെന്നാണ് തമിഴ്നാട് വനം വകുപ്പ് അധികൃതർ പറയുന്നത്. മുണ്ടൻതുറ വനമേഖലയിൽ നിന്ന് വെള്ളിയാഴ്ചയാണ് ആന കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നത്. ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കോതയാറിലെ ഇലക്ട്രിസിറ്റി ജീവനക്കാർക്കും പമ്പ്‌ ഹൗസ്‌ ജീവനക്കാർക്കും തമിഴ്നാട് രണ്ട് ദിവസം അവധി നൽകിയിരുന്നു.

കേരള അതിർത്തിക്കടുത്താണ് അരിക്കൊമ്പനുള്ളതെങ്കിലും ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. നിരീക്ഷണം ശക്തമാക്കിയതായും മന്ത്രി പറഞ്ഞു. നിലവിൽ ആഹാരവും വെള്ളവും ആന കഴിക്കുന്നുണ്ട്. തമിഴ്നാട് വനം വകുപ്പിന്‍റെ ആറ് സംഘങ്ങളാണ് ആനയെ നിരീക്ഷിക്കുന്നത്. വനം വകുപ്പ് ജീവനക്കാരും വെറ്റിനറി ഡോക്ടർമാരും അടങ്ങുന്നതാണ് ഈ സംഘം. ആനയുടെ പുതിയ ചിത്രവും വനം വകുപ്പ് പുറത്ത് വിട്ടു.

നിലവിൽ കേരളം നൽകിയ ആന്‍റിന ഉപയോഗിച്ചാണ് അരിക്കൊമ്പനിൽ നിന്നുള്ള റേഡിയോ കോളർ വിവരങ്ങൾ തമിഴ്നാട് വനം വകുപ്പ് ശേഖരിക്കുന്നത്. ചിന്നക്കനാലിൽ നിന്ന് ആദ്യം പിടികൂടിയ ആനയെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടപ്പോൾ പെരിയാറിലെ റിസീവിങ്‌ സെന്‍ററുമായി ബന്ധിപ്പിച്ചിരുന്ന രണ്ട്‌ ആന്‍റിനയിൽ ഒന്നാണ്‌ ഇത്. ആന നിൽക്കുന്നതിന്‌ ഒരു കിലോമീറ്റർ പരിധിയിലുള്ള സിഗ്നലുകൾ ഈ ആന്‍റിനയിൽ ലഭിക്കും.

അരിക്കൊമ്പൻ കേരള അതിർത്തിയിലേക്ക് കടന്നേക്കുമെന്ന സാധ്യത മുൻനിർത്തി പെരിയാറിൽ ഉപയോഗിക്കുന്ന രണ്ടാമത്തെ ആന്‍റിന ഉടൻ തിരുവനന്തപുരത്ത്‌ എത്തിച്ച്‌ നെയ്യാർ ഡിവിഷന്‌ കൈമാറും. വനാതിർത്തിയിൽ ആന എത്തിയാൽ നെയ്യാർ ഡിവിഷനിൽ ഇതുവഴി സിഗ്നൽ ലഭിക്കും. ഇതിനനുസരിച്ച് വനംവകുപ്പിന്‌ നടപടികൾ സ്വീകരിക്കാനാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here