ഉത്തര്‍പ്രദേശില്‍ നടക്കുന്നതുപോലെ സാമൂഹ്യവിരുദ്ധരെ വെടിവെച്ച് കൊല്ലണമെന്ന് ശിവസേന (ഉദ്ധവ് പക്ഷം) നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. ടിപ്പു സുല്‍ത്താന്റെ ചിത്രവും അപകീര്‍ത്തികരമായ ഓഡിയോ സന്ദേശവും രണ്ട് പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ കോലാപ്പൂരിലുണ്ടായ അക്രമത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ചിത്രം ഉയര്‍ത്തിയപ്പോള്‍ ബിജെപിയുടെ ഹിന്ദുത്വം അപകടത്തിലായത് എന്തുകൊണ്ടാണെന്ന് റാവുത്ത് ചോദിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ധ്രുവീകരണത്തിന്റെ രാഷ്ട്രീയം വര്‍ദ്ധിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ എല്ലായ്‌പ്പോഴും അപകടത്തിലാണ്. സംസ്ഥാനത്തിന്റെ നിലവിലെ ചിത്രം നോക്കൂ’, റാവുത്ത് കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ചയാണ് (ജൂണ്‍ 6) പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്റെ ചിത്രവും അപകീര്‍ത്തികരമായ ഓഡിയോ സന്ദേശവും സോഷ്യല്‍ മീഡിയ ‘സ്റ്റാറ്റസ്’ ആയി പ്രചരിപ്പിച്ചെന്ന് ആരോപിച്ച് നഗരത്തില്‍ സംഘര്‍ഷമുണ്ടായത്. ശിവാജി ചൗക്കില്‍ നടന്ന പ്രകടനത്തിനിടെ നൂറുകണക്കിന് പ്രതിഷേധക്കാരെ പോലീസ് ലാത്തി വീശി പിരിച്ചുവിട്ടു. ബുധനാഴ്ച ഉച്ചയോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായും മന്ത്രി ദീപക് കേസര്‍കര്‍ വൈകുന്നേരം സമാധാന സമിതിയുടെ യോഗം ചേര്‍ന്നതായും കോലാപൂര്‍ പോലീസ് സൂപ്രണ്ട് (എസ്പി) മഹേന്ദ്ര പണ്ഡിറ്റ് പറഞ്ഞു.