സിനിമാ ആരാധകര്‍ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘ലിയോ’. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊട്ടതെല്ലാം ഹിറ്റാക്കിയ ലോകേഷും വിജയും ഒന്നിക്കുന്നു എന്നുള്ളത് തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം.
അതുകൊണ്ടുതന്നെ ‘ലിയോ’യുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ അപ്‍ഡേഷനുകള്‍ക്കും ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 100 നര്‍ത്തകര്‍ പങ്കെടുക്കുന്ന ചിത്രത്തിലെ ഒരു രംഗം ചെന്നൈയില്‍ ചിത്രീകരിക്കുകയാണ് എന്നാതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പുതിയ വിശേഷം.
പതിവ് വിജയ് ചിത്രത്തിലേതുപോലെ ‘ലിയോ’യിലും ഡാൻസ് രംഗം ആവേശമാകുന്നതാകും എന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ തൃഷയാണ് നായിക. 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‍യും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ലിയോ’യ്‍ക്കുണ്ട്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ‘വാരിസാ’ണ് വിജയിന്റെ അവസാന ചിത്രം. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും ‘ലിയോ’യില്‍ അഭിനയിക്കുന്നു.