രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ജനാധിപത്യത്തെ വിമര്‍ശിക്കുന്നത് വിരോധാഭാസമാണെന്നും ഇന്ത്യ ഊര്‍ജ്ജസ്വലമായ ജനാധിപത്യരാജ്യമാണെന്നാണ്
വൈറ്റ് ഹൗസ് പറയുന്നതെന്നും ബിജെപി ദേശീയ വക്താവ് സയ്യിദ് സഫര്‍ ഇസ്ലാം പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ യുവരാജിനു മേലുളള ശക്തമായ പ്രഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണെന്നും ന്യൂഡല്‍ഹിയിലേക്ക് പോകുന്ന ആര്‍ക്കും അത് സ്വയം കാണാമെന്നും ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുളള ആശങ്കകള്‍ തള്ളിക്കളയുന്നുവെന്നുമാണ് വൈറ്റ് ഹൗസ് തിങ്കളാഴ്ച പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം അമേരിക്കയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് ഈ പ്രതികരണം.
‘അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി ലജ്ജയില്ലാതെ നമ്മുടെ ജനാധിപത്യത്തെ വിമര്‍ശിക്കുന്നത് വിരോധാഭാസമല്ലേ? ഇന്ത്യ ഊര്‍ജ്ജസ്വലമായ ജനാധിപത്യ രാജ്യമാണെന്ന് വൈറ്റ് ഹൗസ് പറയുന്നു, കോണ്‍ഗ്രസിന്റെ യുവരാജിന് എന്തൊരു കടുത്ത പ്രഹരമാണ് ഏറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ നമ്മുടെ ജനാധിപത്യം സുരക്ഷിതമാണ്.’ ഇസ്ലാം പറഞ്ഞു.
വൈറ്റ് ഹൗസിലെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി വാഷിംഗ്ടണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ‘ഇന്ത്യ ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണ്. ന്യൂഡല്‍ഹിയിലേക്ക് പോകുന്ന ആര്‍ക്കും അത് സ്വയം കാണാനാകും. തീര്‍ച്ചയായും ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തി ചര്‍ച്ചയുടെ ഭാഗമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ കിര്‍ബി പറഞ്ഞു.