ജീവിതത്തിലേക്ക് രക്ഷിതയുടെ കൈ പിടിച്ച് ശർവാനന്ദ്

0
77

ജയ്പൂരിലെ പാലസിലെ രാജകീയ വിവാഹ ചടങ്ങിൽ രക്ഷിതയുടെ കൈ പിടിച്ച് ടോളിവുഡ് താരം ശർവാനന്ദ്. തെലുങ്ക് സിനിമാ ഇൻഡസ്ടറിയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ശർവാനന്ദ്. യുഎസിൽ ഐടി പ്രൊഫഷണലായ രക്ഷിത റെഡ്ഡിയാണ് ശർവാനന്ദിന്റെ  ജീവിത സഖിയാക്കിയായത്. ജയ്പൂരിലെ ലീല പാലസിൽ വച്ചാണ് പ്രൗഢ ഗംഭീരമായാ വിവാഹചടങ്ങുകൾ നടന്നത്.

വിവാഹത്തിന് മുന്നോടിയായുള്ള സംഗീത്, മെഹന്ദി, ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

ഗോൾഡൻ നിറത്തിലെ ഷെർവാണിയണിഞ്ഞ് ശർവാനന്ദും സിൽവർ നിറത്തിലെ സാരിയിൽ രാജകീയ ലുക്കിൽ രക്ഷിതയുമെത്തി. സിനിമ ലോകവും ആരാധകരും വധൂവരൻമാർക്ക് ആശംസകൾ നേരുകയാണിപ്പോൾ. ജൂൺ 9 ന് ഹൈദരാബാദിൽ വച്ച് റിസപ്ഷനും നടൻ ഒരുക്കിയിട്ടുണ്ട്.

സിനിമാ മേഖലയുമായി ബന്ധമൊന്നുമില്ലാത്ത രക്ഷിത, ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകനായ മധുസൂദൻ റെഡ്ഡിയുടെ മകളാണ്. രാഷ്ട്രീയ പ്രവർത്തകനായ ബോജ്ജല ഗോപാല കൃഷ്ണ റെഡ്ഡിയുടെ ചെറുമകൾ കൂടിയാണ് രക്ഷിത. കഴിഞ്ഞ ജനുവരി 26 നായിരുന്നു ഇരുവരുടെയും  വിവാഹനിശ്ചയം. സിനിമയിൽ 20 വർഷം പൂർത്തിയാക്കിയ ശർവാനന്ദ് തന്റെ വരാനിരിക്കുന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പുകളിലാണിപ്പോൾ.

‘ശർവ 35’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമാണ് താരത്തിന്റെ അടുത്ത ചിത്രം. ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീറാം ആദിത്യയാണ്. ഓക്കെ ഓക്ക ജീവിതം എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഐദോ തരീഖ് എന്ന ചിത്രത്തിലൂടെയാണ് ശർവാനന്ദ് സിനിമയിലെത്തുന്നത്. 2011 ൽ പുറത്തിറങ്ങിയ എങ്കെയും എപ്പോതും എന്ന ചിത്രം താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here