റിലീസിന് മുന്‍പേ കേരളത്തില്‍ റെക്കോര്‍ഡ് ഇടുമോ ‘ലിയോ’?

0
64

തമിഴ് ചിത്രങ്ങളുടെ പ്രധാന മാര്‍ക്കറ്റുകളിലൊന്നായിരുന്നു എക്കാലവും കേരളം. തെലുങ്ക്, കന്നഡ ബി​ഗ് ബജറ്റ് ചിത്രങ്ങളും ഇവിടെ മികച്ച കളക്ഷന്‍ നേടുന്ന സമീപകാലത്തും തമിഴ് ചിത്രങ്ങളോടുള്ള മലയാളി സിനിമാപ്രേമികളുടെ താല്‍പര്യത്തില്‍ കുറവൊന്നും വന്നിട്ടില്ല. തമിഴ് താരങ്ങളുടെ കാര്യമെടുത്താല്‍ ഇവിടെ ഏറ്റവും ജനപ്രീതിയുള്ള താരം വിജയ് ആണ്. കേരളത്തില്‍ ഏറ്റവുമധികം തുക വിതരണാവകാശത്തില്‍ നേടിവരുന്നതും വിജയ് ചിത്രങ്ങളാണ്. ഇപ്പോഴിതാ വരാനിരിക്കുന്ന വിജയ് ചിത്രം ലിയോ കേരള റൈറ്റ്സില്‍ റെക്കോര്‍ഡ് ഇട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിക്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ലിയോയുടെ കല്‍പ്പിക്കപ്പെടുന്ന വിപണിമൂല്യം ഏറെയാണ്. വിക്രം കേരളത്തില്‍ വന്‍ കളക്ഷനാണ് നേടിയത്. ഇത് മുന്‍കൂട്ടിക്കണ്ട് കേരള റൈറ്റ്സ് ഇനത്തില്‍ 15 കോടിയാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ നിര്‍മ്മാതാക്കളുമായി കേരളത്തിലെ അഞ്ച് പ്രമുഖ വിതരണക്കമ്പനികള്‍ പങ്കെടുക്കുന്നുണ്ടെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. ഈ ചര്‍ച്ചകളില്‍ നിലവില്‍ മുന്നിലുള്ളത് ഗോകുലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസ് ആണെന്നും ശ്രീധര്‍ പിള്ള പറയുന്നു. അതേസമയം ഈ തുകയ്ക്ക് റൈറ്റ്സ് വില്‍പ്പന നടന്നാല്‍ ഈ ഇനത്തില്‍ ഒരു ഇതരഭാഷാ ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന തുക ആയിരിക്കും.

അതേസമയം വിദേശ വിതരണാവകാശത്തിലും ചിത്രം റെക്കോര്‍ഡ് തുക നേടിയതായാണ് റിപ്പോര്‍ട്ട്. വിദേശ വിതരണാവകാശം വിറ്റ വകയില്‍ ചിത്രം 60 കോടി നേടിയതായാണ് കണക്കുകള്‍. പ്രമുഖ കമ്പനിയായ ഫാര്‍സ് ഫിലിം ആണ് റൈറ്റ് നേടിയത് എന്നാണ് വിവരം. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് തുകയാണ് ഇത്. സമീപകാല തമിഴ് സിനിമയിലെ വലിയ ഹിറ്റുകളില്‍ ഒന്നായ പൊന്നിയിന്‍ സെല്‍വന്‍ നേടിയ ഓവര്‍സീസ് ഷെയര്‍ മാത്രം 60 കോടിയിലേറെ ആയിരുന്നു. ലോകേഷ് കനകരാജിന്‍റെ വിക്രം നേടിയത് 52 കോടിയോളവും.

LEAVE A REPLY

Please enter your comment!
Please enter your name here